“ആളുകൾക്ക് എന്തും പറയാം, പക്ഷെ ഞങ്ങളങ്ങിനെ ചിന്തിക്കുന്നില്ല”- വാൻ ഗാലിനെ തള്ളിക്കളഞ്ഞ് ഹോളണ്ട് താരങ്ങൾ | Messi

അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടത്തെക്കുറിച്ച് ലൂയിസ് വാൻ ഗാൽ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ വളരെയധികം ചർച്ചകൾക്ക് വഴി വെച്ചിരുന്നു. അർജന്റീന ടീം ഐതിഹാസികമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയത് ഒത്തുകളിയുടെ ഭാഗമാണെന്ന രീതിയിലാണ് വാൻ ഗാൽ പറഞ്ഞത്. ലയണൽ മെസിക്കൊരു കപ്പ് നൽകുകയെന്നത് പലരുടെയും ആവശ്യമായിരുന്നുവെന്നും മത്സരങ്ങളിൽ എടുത്ത പല തീരുമാനങ്ങളും അതിനെ സാധൂകരിക്കുന്നതാണെന്നും വാൻ ഗാൽ പറഞ്ഞിരുന്നു.

വാൻ ഗാലിന്റെ വാക്കുകൾ വലിയ ചർച്ചയായി മാറിയതോടെ ഇതിനോട് പ്രതികരിച്ച് ഹോളണ്ട് താരങ്ങൾ രംഗത്തെത്തുകയുണ്ടായി. ലോകകപ്പ് കഴിഞ്ഞതോടെ ഹോളണ്ട് ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും ഇറങ്ങിയ വാൻ ഗാലിന്റെ വാക്കുകളെ പൂർണമായും തള്ളിയാണ് ഹോളണ്ട് ടീമിലെ പ്രധാന താരമായ വിർജിൽ വാൻ ഡൈക്ക് അടക്കമുള്ളവർ പ്രതികരിച്ചത്. വാൻ ഗാലിന്റെ അഭിപ്രായത്തെ നെതർലാൻഡ്‌സ് സ്‌ക്വാഡ് യാതൊരു തരത്തിലും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“മെസിയെക്കുറിച്ചുള്ള വാൻ ഗാലിന്റെ വാക്കുകൾ? അദ്ദേഹത്തിന് ഇഷ്‌ടമുള്ള കാര്യങ്ങൾ പറയാൻ കഴിയും, അതദ്ദേഹത്തിന്റെ അഭിപ്രായമാണ്. പക്ഷെ ഞാനൊരിക്കലും അതിനെ പിന്തുണക്കുന്നില്ല, എനിക്ക് അതെ അഭിപ്രായമല്ല ഉള്ളതും. അദ്ദേഹത്തിന്റെ വാക്കുകളെ നെതർലാൻഡ്‌സ് ടീമും പിന്തുണക്കുന്നില്ല.” വാൻ ഡൈക്ക് പറഞ്ഞു. മറ്റൊരു നെതർലാൻഡ്‌സ് താരമായ മാർക്ക് ഫ്ലെക്കനും സമാനമായ അഭിപ്രായം തന്നെയാണ് ഡച്ച് മാധ്യമമായ എൻഓഎസിനോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

ഖത്തർ ലോകകപ്പിൽ നെതർലൻഡ്‌സും അർജന്റീനയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം ടൂർണമെന്റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു. ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണ് അർജന്റീന ഹോളണ്ടിനെ കീഴടക്കിയത്. 2014 ലോകകപ്പിന്റെ സെമിയിലും വാൻ ഗാലിന്റെ ഹോളണ്ട് അർജന്റീനയോട് തോൽവി വഴങ്ങിയിരുന്നു. അതിന്റെ നിരാശയാണ് വാൻ ഗാലിന്റെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Netherlands Players Reject Van Gaal Messi Comments