പതിനഞ്ചിരട്ടി പ്രതിഫലവും പ്രീമിയർ ലീഗ് ക്ലബിന്റെ ഓഫറും നിരസിച്ചു, റാമോസ് ഇനി റയൽ മാഡ്രിഡിനെതിരെ കളിക്കും | Ramos

രണ്ടു വർഷത്തെ കരാർ അവസാനിച്ചതോടെ പിഎസ്‌ജി വിട്ട സെർജിയോ റാമോസ് സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നത് വരെ മറ്റൊരു ക്ലബിലേക്കും ചേക്കേറിയിരുന്നില്ല. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ റാമോസ് ഫ്രീ ഏജന്റായി തുടരുന്നത് ആരാധകർക്ക് ആശങ്കയുണ്ടാക്കിയ കാര്യമായിരുന്നെങ്കിലും ഒടുവിൽ തന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് താരം തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് പതിനെട്ടു വർഷത്തിനു ശേഷം റാമോസ് സെവിയ്യയിലേക്ക് തിരിച്ചെത്തിയത്.

വമ്പൻ ഓഫറുകൾ തഴഞ്ഞാണ് റാമോസ് സെവിയ്യയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുപ്പത്തിയേഴു വയസുള്ള താരത്തിന് സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ സൗദി അറേബ്യയിൽ നിന്നുള്ള ഓഫറുകൾ താരം തഴയുകയാണ് ചെയ്‌തത്‌. റിപ്പോർട്ടുകൾ പ്രകാരം സെവിയ്യയിലേക്ക് സീസണിൽ ഒരു മില്യൺ യൂറോ പ്രതിഫലക്കരാറിൽ ചേക്കേറിയ താരം സൗദിയിൽ നിന്നും വന്ന പതിനഞ്ചു മില്യൺ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് തഴഞ്ഞത്.

അതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും വന്ന ഓഫറും റാമോസ് തഴഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. റാമോസിന്റെ മുൻ സഹതാരങ്ങളായ റാഫേൽ വരാനെ, കസമീറോ തുടങ്ങിയവരെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടെങ്കിലും താരം ഓഫർ നിഷേധിക്കുകയാണ് ചെയ്‌തതെന്ന്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയാൽ അവസരങ്ങൾ കുറയുമെന്നതു കൊണ്ടാണ് താരം ഓഫർ നിഷേധിച്ചതെന്നാണ് അനുമാനിക്കേണ്ടത്.

സെവിയ്യയിൽ യൂത്ത് കരിയർ തുടങ്ങി സീനിയർ ടീമിലെത്തിയ സെർജിയോ റാമോസ് നീണ്ട ഒൻപത് വർഷങ്ങൾ അവർക്കൊപ്പമുണ്ടായിരുന്നു. അതിനു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരം ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം കൂടിയാണ്. ഇപ്പോൾ സെവിയ്യയിലേക്ക് തിരിച്ചെത്തി തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിനെതിരെ തന്നെ മുഖാമുഖം നിൽക്കാനാണ് റാമോസ് ഒരുങ്ങുന്നത്.

Ramos Rejected Many Offers To Join Sevilla