68 വർഷത്തിനു ശേഷം കിരീടം നേടാൻ ന്യൂകാസിൽ യുണൈറ്റഡും ആറു വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും
കറബാവോ കപ്പ് സെമി ഫൈനലിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ രണ്ടാം പാദത്തിലും തോൽപ്പിച്ചതോടെ ഈ സീസണിലെ ആദ്യത്തെ കിരീടം നേടുന്നതിന്റെ അരികിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എറിക് ടെൻ ഹാഗെന്ന പരിശീലകനു കീഴിൽ അടിമുടി മാറിയ ടീം സെമി ഫൈനൽ രണ്ടു പാദങ്ങളിലായി എതിരില്ലാതെ അഞ്ചു ഗോളുകൾക്ക് വിജയിച്ചാണ് ഫൈനലിൽ എത്തിയത്. ഫൈനൽ പോരാട്ടത്തിൽ പ്രീമിയർ ലീഗിൽ തിരിച്ചു വരുന്ന ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികൾ.
സൗത്താംപ്ടണിന്റെ വെല്ലുവിളിയെ മറികടന്നാണ് ഇംഗ്ലണ്ടിൽ വീണ്ടും ആധിപത്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് ഫൈനലിൽ എത്തിയത്. ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയ അവർ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്നത്. രണ്ടു ടീമുകൾക്കും കിരീടം നേടേണ്ടത് വളരെ ആവശ്യമുള്ള കാര്യവുമാണ്.
നീണ്ട അറുപത്തിയെട്ടു വർഷങ്ങൾക്ക് ശേഷം ഒരു കിരീടം നേടാനുള്ള അവസരമാണ് ന്യൂകാസിൽ യുണൈറ്റഡിന് വന്നു ചേർന്നിരിക്കുന്നത്. 1955ൽ എഫ്എ കപ്പ് നേടിയതാണ് ഇതിനു മുൻപ് അവർ നേടിയ പ്രധാന കിരീടം. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചും ഈ കിരീടം വളരെ നിർണായകമാണ്. 2017ൽ മൗറീന്യോ പരിശീലകനായിരിക്കുമ്പോൾ യൂറോപ്പ ലീഗ് നേടിയതിനു ശേഷം പിന്നീടിതു വരെ ഒരു കിരീടവും ഉയർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.
Manchester United will play Newcastle in the Carabao Cup final 🏆 pic.twitter.com/KrabrHKjo0
— GOAL (@goal) February 1, 2023
ഫെബ്രുവരി അവസാനമാണ് രണ്ടു ക്ലബുകളും തമ്മിലുള്ള കിരീടപ്പോരാട്ടം നടക്കുക. പ്രീമിയർ ലീഗിൽ ഇതിനു മുൻപ് രണ്ടു ക്ലബുകളും ഏറ്റുമുട്ടിയ സമയത്ത് ഗോൾരഹിത സമനിലയായിരുന്നു ഫലം. അതുകൊണ്ടു തന്നെ മികച്ച പോരാട്ടം ഫൈനലിൽ പ്രതീക്ഷിക്കാം. കിരീടം നേടാൻ ഏതു ടീമിനാണോ കഴിയുന്നത്, അവർ തങ്ങളുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് അതിലൂടെ അടയാളപ്പെടുത്താൻ പോകുന്നതെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.