യൂറോപ്പിൽ നെയ്‌മർ യുഗത്തിന് അവസാനമാകുന്നു, തീരുമാനം ബ്രസീൽ ടീമിനെയും ബാധിക്കുമോ | Neymar

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും പിന്നാലെ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയറും യൂറോപ്പ് വിടുന്നു. പിഎസ്‌ജിയിൽ നിന്നും പുറത്തു പോകാൻ തയ്യാറെടുത്തു നിൽക്കുന്ന താരം സൗദി അറേബ്യയിലേക്കാണ് ചേക്കേറാൻ പോകുന്നത്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിന്റെ ഓഫർ നെയ്‌മർ സ്വീകരിക്കുന്നതിന്റെ അരികിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മർ പിഎസ്‌ജി വിടുമെന്ന കാര്യം ഉറപ്പിച്ചിരുന്നു. എന്നാൽ എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യത വർധിച്ചതും ലൂയിസ് എൻറിക് പരിശീലകനായി എത്തിയതും കാരണം നെയ്‌മർ ക്ലബിൽ തന്നെ തുടരാനുള്ള സാധ്യതയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം പിഎസ്‌ജി വിടാനുള്ള താൽപര്യം അറിയിച്ചതും ക്ലബ് അതിനു സമ്മതം മൂളിയതും. അതിനു പിന്നാലെയാണ് അൽ ഹിലാലിന്റെ ഓഫറും വരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം നെയ്‌മറെ സ്വന്തമാക്കാൻ വേണ്ടി തൊണ്ണൂറു മില്യൺ യൂറോയാണ് അൽ ഹിലാൽ മുടക്കുക. ഇതിനു പുറമെ താരത്തിന് പ്രതിഫലമായി ഒരു സീസണിൽ നൂറു മില്യൺ യൂറോ വീതവും അൽ ഹിലാൽ നൽകും. എന്നാൽ ഇതുവരെയും താരവുമായി വ്യക്തിപരമായ കരാറിൽ അൽ ഹിലാൽ എത്തിയിട്ടില്ല. ബാഴ്‌സലോണയിലേക്ക് നെയ്‌മർ തിരിച്ചെത്തില്ലെന്നും നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം മുപ്പത്തിയൊന്നുകാരനായ നെയ്‌മർ സൗദിയിലേക്ക് ചേക്കേറുന്നതിൽ താരത്തിന്റെ ആരാധകർക്ക് അതൃപ്‌തിയുണ്ട്. അടുത്ത വർഷം കോപ്പ അമേരിക്കയും 2026ൽ ലോകകപ്പും നടക്കാനിരിക്കെ നെയ്‌മറുടെ ഈ തീരുമാനം താരത്തിന്റെ ഫോമിനെ ബാധിക്കുമെന്ന് ആരാധകർ കരുതുന്നു. ആൻസലോട്ടിയാണ് പരിശീലകനായി വരാനിരിക്കുന്നതെന്നിരിക്കെ ടീമിലെ സ്ഥാനം തന്നെ നെയ്‌മർക്ക് നഷ്‌ടമാകുമോ എന്ന ആശങ്കയും ബ്രസീൽ ആരാധകർക്കുണ്ട്.

Neymar Very Close To Sign With Al Hilal