“എപ്പോഴും കലഹിച്ചു കൊണ്ടിരിക്കണം, നെയ്‌മറൊരു സ്വൈര്യക്കേടാണ്”- വിമർശനവുമായി പോർച്ചുഗൽ താരം

കളിക്കളത്തിലും പുറത്തുമുള്ള നെയ്‌മറുടെ പ്രവൃത്തികൾ പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. താരങ്ങളും പരിശീലകരും ഫുട്ബോൾ നിരീക്ഷകരുമെല്ലാം ഇതിനെതിരെ വിമർശനങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെൻഫിക്കക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം പോർച്ചുഗൽ താരമായ ജോവോ മരിയോയും നെയ്‌മർക്കെതിരെ വിമർശനം നടത്തുകയുണ്ടായി. മികച്ച കളിക്കാരനാണെങ്കിലും നെയ്‌മറൊരു സ്വൈര്യക്കേടാണെന്നാണ് ബെൻഫിക്ക മധ്യനിര താരം പറയുന്നത്.

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്‌ജിയും ബെൻഫിക്കയും സമനിലയിൽ പിരിയുകയാണുണ്ടായത്. ലയണൽ മെസി പരിക്കു മൂലം പുറത്തിരുന്ന മത്സരത്തിൽ കിലിയൻ എംബാപ്പെ പിഎസ്‌ജിക്കു വേണ്ടി ലീഡ് നേടിയെങ്കിലും ജോവോ മരിയോ പെനാൽറ്റിയിലൂടെ ബെൻഫിക്കയെ ഒപ്പമെത്തിച്ചു. മത്സരത്തിൽ നെയ്‌മർ തങ്ങളെ സമീപിച്ച രീതിയെയാണ് ജോവോ മരിയോ വിമർശിക്കുന്നത്. മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ താരം ശ്രമിക്കുന്നുവെന്നാണ് ജോവോ മരിയോയുടെ വാക്കുകളിൽ നിന്നും വെളിപ്പെടുത്തുന്നത്.

“നെയ്‌മർ നല്ല രീതിയിൽ കളിച്ചു. പക്ഷെ താരം മൈതാനത്ത് വളരെയധികം സ്വൈര്യക്കേടുണ്ടാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്, വളരെയധികം പ്രതിഭയുണ്ട്, പക്ഷെ മറ്റു കളിക്കാരുമായി ഇപ്പോഴും കലഹിച്ചു കൊണ്ടിരിക്കണം. വളരെ സ്വാഭാവികമായാണത്. താരത്തിനെതിരെ കളിക്കുന്നതു തന്നെ സന്തോഷമാണ്.” ജോവോ മരിയോ മത്സരത്തിനു ശേഷം ഗോളിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണെങ്കിലും ബെൻഫിക്കക്കെതിരെ നടന്ന രണ്ടു മത്സരങ്ങളിലും വമ്പൻ പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. പോർച്ചുഗീസ് ക്ലബിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം ഒരു ഗോളിന് അസിസ്റ്റ് നൽകിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സ്വന്തം മൈതാനത്ത് ഒരു ഗോളോ അസിസ്റ്റോ നൽകാൻ നെയ്‌മർക്കായില്ല.

മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ പിഎസ്‌ജി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പിഎസ്‌ജിക്കും ബെൻഫിക്കക്കും ഒരേ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസമാണ് ഫ്രഞ്ച് ക്ലബ്ബിനെ മുന്നിൽ നിർത്തുന്നത്. അടുത്ത മത്സരത്തിൽ പിഎസ്‌ജി ഇസ്രായേലി ക്ലബായ മക്കാബി ഹൈഫയെ നേരിടുമ്പോൾ നോക്ക്ഔട്ടുറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ബെൻഫിക്ക ഇറ്റാലിയൻ ക്ലബായ യുവന്റസിനെതിരെയാണ് ഇറങ്ങുന്നത്.