ലയണൽ മെസിയും പെലെയും മാത്രം സ്വന്തമാക്കിയ നേട്ടത്തിനൊപ്പമെത്തി നെയ്‌മർ

ട്യുണീഷ്യക്കെതിരെ ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ മികച്ച വിജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. ബാഴ്‌സലോണ താരമായ റഫിന്യ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ നെയ്‌മർ, റിച്ചാർലിസൺ, പെഡ്രോ എന്നിവർ കൂടി ഗോൾ കണ്ടെത്തിയപ്പോൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയത്. ഇതോടെ ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടി ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ ബ്രസീലിനു കഴിഞ്ഞു.

ഈ സീസണിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന നെയ്‌മർ മത്സരത്തിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ഇതോടെ ബ്രസീലിയൻ ഇതിഹാസം പെലെയും അർജന്റീന സൂപ്പർതാരം ലയണൽ മെസിയും മാത്രം സ്വന്തമാക്കിയിട്ടുള്ള നേട്ടം തന്റെ പേരിൽ കൂടി കുറിക്കാനും നെയ്‌മർക്കു കഴിഞ്ഞു. ദേശീയ ടീമിനായി എഴുപത്തിയഞ്ച് ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം ലാറ്റിനമേരിക്കൻ താരമെന്ന നേട്ടമാണ് ട്യുണീഷ്യക്കെതിരായ മത്സരത്തിലൂടെ നെയ്‌മർ സ്വന്തമാക്കിയത്.

121 മത്സരങ്ങളിൽ നിന്നാണ് ബ്രസീലിനായി 75 ഗോളുകളെന്ന നേട്ടത്തിലേക്ക് നെയ്‌മർ എത്തിയത്. ബ്രസീലിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന പെലെയുടെ നേട്ടത്തിലേക്ക് വെറും രണ്ടു ഗോൾ മാത്രമകലെയാണ് നെയ്‌മർ ഇപ്പോഴുള്ളത്. 92 മത്സരങ്ങളിൽ നിന്നും 77 ഗോളുകളാണ് ബ്രസീലിനായി പെലെ നേടിയിട്ടുള്ളത്. അതേസമയം ദേശീയ ടീമിനായി കൂടുതൽ ഗോളുകൾ നേടിയ ലാറ്റിനമേരിക്കൻ താരമെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള മെസി 164 മത്സരങ്ങളിൽ നിന്നും 90 ഗോളുകളാണ് നേടിയിട്ടുള്ളത്.

ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടിയും മികച്ച ഫോമിലാണ് നെയ്‌മർ കളിച്ചു കൊണ്ടിരിക്കുന്നത്. പതിനൊന്നു മത്സരങ്ങൾ ഇതുവരെ പിഎസ്‌ജിക്കു വേണ്ടി കളത്തിലിറങ്ങിയ താരം പതിനൊന്നു ഗോളുകളും എട്ട് അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലിതുവരെ പിഎസ്‌ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരവും നെയ്‌മർ തന്നെയാണ്. ഇതേ ഫോം നിലനിർത്തി കിരീടങ്ങൾ നേടാൻ കഴിഞ്ഞാൽ വരുന്ന ബാലൺ ഡി ഓർ ഉയർത്താനും നെയ്‌മർക്ക് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

കളിക്കളത്തിൽ വളരെക്കാലം തുടരാൻ കഴിഞ്ഞാൽ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടുന്ന ലാറ്റിനമേരിക്കൻ താരമെന്ന റെക്കോർഡ് നെയ്‌മർക്ക് സ്വന്തമാക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. 35 വയസായ മെസിയുടെ ഗോൾ റെക്കോർഡിന് വെറും പതിനഞ്ചു ഗോൾ പിന്നിൽ നിൽക്കുന്ന നെയ്‌മർക്ക് മുപ്പതു വയസു മാത്രമാണ് പ്രായം. അതുകൊണ്ടു തന്നെ ഏറ്റവും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും താരം കളിക്കളത്തിൽ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.