നെയ്‌മർ നിരവധി തവണ പൊട്ടിക്കരഞ്ഞു, ബ്രസീലിയൻ താരത്തിന് ബാഴ്‌സലോണ വിടാൻ താൽപര്യമുണ്ടായിരുന്നില്ല

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്കുള്ള നെയ്‌മറുടെ കൂടുമാറ്റം ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചകൾക്കു വഴിവെച്ച ഒന്നാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക നൽകിയാണ് ബ്രസീലിയൻ താരത്തെ 2017ൽ പിഎസ്‌ജി തങ്ങളുടെ കൂടാരത്തിലേക്കെത്തിക്കുന്നത്. പിഎസ്‌ജിയുടെ ഓഫർ കണ്ടപ്പോൾ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റനിരകളിലൊന്നായ എംഎസ്എൻ ത്രയം വിടാനുള്ള നെയ്‌മറുടെ തീരുമാനത്തെ പലരും അന്നു വിമർശിച്ചിരുന്നു. എന്നാൽ അന്നു ബാഴ്‌സലോണ വിടാനുള്ള തീരുമാനം ബ്രസീലിയൻ താരം വളരെ വിഷമിച്ചാണ് എടുത്തതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ എൽ മുണ്ടോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം നെയ്‌മർ ക്ലബിനൊപ്പം തുടരണമെന്നായിരുന്നു ബാഴ്‌സലോണയുടെ ആഗ്രഹമെങ്കിലും താരത്തിന്റെ പിതാവ് അടക്കമുള്ളവർക്ക് അതിൽ താൽപര്യമുണ്ടായിരുന്നില്ല. ഏതാണ്ട് 64 മില്യൺ യൂറോയോളം വരുന്ന സൈനിങ്‌ ബോണസുമായി ബന്ധപ്പെട്ട് നെയ്‌മറുടെ ക്യാമ്പും ബാഴ്‌സലോണയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതു മുതലെടുത്തു കൂടിയാണ് 222 മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി നെയ്‌മറെ പിഎസ്‌ജി സ്വന്തം നിലയിലെത്തിച്ചത്.

അന്നു ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്ററായിരുന്ന റൗൾ സനേഹിയാണ് നെയ്‌മറുമായി ചർച്ചകളിൽ ഇടപെട്ടിരുന്നത്. താരം ബാഴ്‌സലോണയിൽ തന്നെ തുടരണമെന്ന ആവശ്യം അവർ മുന്നോട്ടു വെച്ചെങ്കിലും നെയ്‌മർ അക്കാര്യത്തിൽ നിസ്സഹായനായിരുന്നു. സനേഹിയുമായുള്ള ചർച്ചകൾക്കിടെ നെയ്‌മർ ഒന്നിലധികം തവണ കരഞ്ഞു പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി എൽ മുണ്ടോ പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നു. കടുത്ത സമ്മർദ്ദത്തിനിരയായാണ് നെയ്‌മർ ബാഴ്‌സലോണ വിട്ടതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

നെയ്‌മറെ നിലനിർത്താൻ വേണ്ടി ബാഴ്‌സലോണ പരമാവധി ശ്രമിച്ചെങ്കിലും അതിനവർക്ക് കഴിഞ്ഞില്ല. അന്നു ഫുട്ബോൾ ലോകത്ത് നിലനിന്നിരുന്ന ഏറ്റവും മികച്ച മുന്നേറ്റനിരയായ മെസി, നെയ്‌മർ, സുവാരസ് സഖ്യത്തിൽ നിന്നും നെയ്‌മർ ടീം വിട്ടത് ഫുട്ബാൾ ആരാധകരിൽ പലർക്കും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. അത്രയും ഒത്തിണക്കവും സൗഹൃദവും കളിക്കളത്തിൽ സൂക്ഷിച്ചിരുന്ന ആ മൂന്നു താരങ്ങൾ ഇപ്പോഴും ആ സൗഹൃദം അതുപോലെ നിലനിർത്തുന്നുമുണ്ട്.

അതേസമയം പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മറുടെ ഇതുവരെയുള്ള കരിയർ സമ്മിശ്രമായിരുന്നു. മികച്ച പ്രകടനം നടത്തുന്നതിനൊപ്പം തന്നെ പരിക്കുകളും മറ്റു പ്രശ്‌നങ്ങളും താരത്തെ വിടാതെ പിന്തുടർന്നിരുന്നു. എന്നാൽ ഈ സീസണിൽ അതിനെല്ലാം പരിഹാരം ചെയ്യുന്ന പ്രകടനമാണ് താരം നടത്തുന്നത്. പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കും ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്കും എത്തിക്കാൻ ഈ ഫോമിൽ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.