മെസിയെ മാരകഫൗളിനിരയാക്കി പനാമ താരങ്ങൾ, കാലിൽ മുറിവേറ്റിട്ടും കളിക്കളം വിടാതെ അർജന്റീന താരം
അർജന്റീന ടീമിനായി ലോകകപ്പിൽ കളിക്കളത്തിൽ നിറഞ്ഞാടിയ താരമാണ് ലയണൽ മെസി. ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിന് അർജന്റീന ഇറങ്ങിയപ്പോഴും ലയണൽ മെസി തന്നെയാണ് ടീമിനെ മുഴുവൻ നയിച്ചിരുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിൽ ഫ്രീ കിക്കിലൂടെ ഒരു ഗോൾ മെസി നേടി. താരത്തിന്റെ രണ്ടു ഫ്രീ കിക്കുകൾ ക്രോസ് ബാറിൽ തട്ടി തിരിച്ചു വന്നതും എടുത്തു പറയേണ്ടതാണ്.
അതേസമയം സൗഹൃദമത്സരം പനാമ ടീമിന് അത്ര സൗഹാർദ്ദപരമായ ഒന്നായിരുന്നില്ല. ലോകകപ്പിന് ശേഷം അർജന്റീനയുടെ ആദ്യത്തെ മത്സരമെന്ന നിലയിൽ ലോകം ഉറ്റു നോക്കുമെന്നതിനാൽ തന്നെ അവരെ തടുക്കുക എന്നതായിരുന്നു പനാമയുടെ പ്രധാന ലക്ഷ്യം. അതിനാൽ തന്നെ പരുക്കൻ അടവുകൾ അവർ പുറത്തെടുത്തു. ഒരു അർജന്റീന താരം പോലും കാർഡ് വാങ്ങാതിരുന്ന മത്സരത്തിൽ മൂന്നു പനാമ താരങ്ങൾക്ക് മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നു.
First of all, this tackle is a disgrace from Panama on Messi. Secondly, show people this clip when they ask about the challenges of qualifying in CONCACAF 😳pic.twitter.com/X1uXX45Ivp
— Stu Holden (@stuholden) March 24, 2023
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മാരകമായൊരു ഫൗൾ ലയണൽ മെസിക്ക് നേരിടേണ്ടി വന്നിരുന്നു. പന്തുമായി മുന്നേറുകയായിരുന്ന മെസിയെ രണ്ടു പനാമ താരങ്ങളാണ് പിന്നിൽ നിന്നും മുന്നിൽ നിന്നും ടാക്കിൾ ചെയ്യാൻ ശ്രമിച്ചത്. വളരെ അപകടം നിറഞ്ഞൊരു ഫൗൾ ആയിരുന്നതിനാൽ തന്നെ റഫറി പനാമ താരം കെവിൻ ഗൾവാന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. ആ ഫൗളിന് ശേഷം മുട്ടുകാലിൽ നിന്നും ചോരയൊലിപ്പിച്ചാണ് മെസി നിന്നിരുന്നത്.
എന്നാൽ പരിക്ക് പറ്റിയിട്ടും യാതൊരു തരത്തിലും പിന്മാറാൻ മെസിക്ക് ഉദ്ദേശമില്ലായിരുന്നു. ലോകകപ്പിന് ശേഷം തന്റെ രാജ്യത്തെ കാണികൾക്ക് മുന്നിൽ മെസി ആസ്വദിച്ചു തന്നെ കളിച്ചു. രണ്ടു ഫ്രീ കിക്കുകൾ ബാറിലടിച്ചു നഷ്ടമായ താരത്തിന് മറ്റൊരു സുവർണാവസരം കൂടി ലഭിച്ചിരുന്നെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല. എന്നാൽ അതിനെല്ലാം പകരമായി എൺപത്തിയൊമ്പതാം മിനുട്ടിൽ മനോഹരമായൊരു ഫ്രീകിക്കിലൂടെ മെസി തന്റെ എണ്ണൂറാം കരിയർ ഗോൾ സ്വന്തമാക്കി.