എമിലിയാനോ മാർട്ടിനസിന്റെ മൈൻഡ് ഗെയിം ഇനി നടക്കില്ല, പെനാൽറ്റി നിയമം മാറ്റാനൊരുങ്ങുന്നു
ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. നായകനായ ലയണൽ മെസിക്കൊപ്പം തന്നെ അക്കാര്യത്തിൽ മാർട്ടിനസിനെ ചേർത്ത് വെക്കാൻ കഴിയും. അർജന്റീന പതറിയ ക്വാർട്ടർ ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ എമിലിയാനോ മാർട്ടിനസാണ് ടീമിന്റെ രക്ഷക്കെത്തിയത്. ഹോളണ്ടിനെതിരെ രണ്ടു കിക്ക് തടഞ്ഞ മാർട്ടിനസ് ഫ്രാൻസിനെതിരെ ഒരു കിക്കും തടുത്തിട്ടു.
ഫൈനലിൽ എമിലിയാനോ മാർട്ടിനസ് നടത്തിയ മൈൻഡ് ഗെയിം വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. പെനാൽറ്റിയെടുക്കാൻ വരുന്ന താരങ്ങളുടെ മനോധൈര്യം ചോർത്താൻ വേണ്ടി മനഃപൂർവം സമയം വൈകിപ്പിക്കുകയും പന്ത് ദൂരേക്ക് മാറ്റിയിടുകയുമെല്ലാം താരം ചെയ്തു. ഇതേതുടർന്ന് രണ്ടു താരങ്ങളുടെ കിക്കാണ് ഷൂട്ടൗട്ടിൽ നഷ്ടമായത്. കോമാന്റെ ഷോട്ട് എമിലിയാനോ മാർട്ടിനസ് തടുത്തിട്ടപ്പോൾ മാർട്ടിനസിന്റെ മൈൻഡ് ഗെയിമിൽ പതറിയ ഷുവാമേനിയുടെ കിക്ക് പുറത്തേക്ക് പോയി.
എമിലിയാനോ മാർട്ടിനസിന്റെ മൈൻഡ് ഗെയിം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയത് പാരയാകുമെന്നു വേണം കരുതാൻ. പെനാൽറ്റി എടുക്കുന്ന സമയത്തെ സമീപനം മര്യാദയുള്ളതാക്കാൻ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് പുതിയ നിയമം കൊണ്ടു വരാനൊരുങ്ങുകയാണ്. പെനാൽറ്റി എടുക്കുന്ന സമയത്ത് പെനാൽറ്റി എടുക്കുന്ന വ്യക്തിയെയോ ഗോൾകീപ്പറെയോ മനസ് മാറ്റാൻ നടത്തുന്ന ശ്രമങ്ങൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Penalty rules changed after Emiliano Martinez’s irksome performance at World Cup final https://t.co/rjd6PpwIzG
— GistReel.Com (@GistReel) January 28, 2023
ഗോൾകീപ്പർമാർ മൈൻഡ് ഗെയിം നടത്തി പെനാൽറ്റി ഷൂട്ടൗട്ടിൽ ആധിപത്യം സ്ഥാപിക്കുന്നത് ഇതാദ്യമായല്ല. ഇതിനു മുൻപും നിരവധി താരങ്ങൾ ഈ സമീപനം നടത്തിയിട്ടുണ്ട്. എന്നാൽ എമിലിയാനോ മാർട്ടിനസ് നടത്തിയത് വളരെയധികം ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമം മാറ്റാൻ ഒരുങ്ങുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ പൊതുവെ ഗോൾകീപ്പർമാർക്ക് ആധിപത്യം നൽകുന്നില്ലെന്നിരിക്കെ പുതിയ നിയമം അതിനെ ഒന്നുകൂടി സഹായിക്കും.