അർജന്റീന താരത്തെ ലക്‌ഷ്യം വെച്ചായിരുന്നു മാഞ്ചസ്റ്റർ ഡെർബിയിൽ പെപ് ഗ്വാർഡിയോള പദ്ധതിയാവിഷ്‌കരിച്ചത്

ഇക്കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബിയിൽ തകർപ്പൻ വിജയമാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എർലിങ് ബ്രൂട്ട് ഹാലൻഡും ഫിൽ ഫോഡനും ഹാട്രിക്കുകൾ സ്വന്തമാക്കിയപ്പോൾ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റി രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടി നേടിയപ്പോൾ ആന്റണി മാർഷ്യലിന്റെ ഇരട്ടഗോളും ആന്റണിയുടെ ഗോളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമായത്.

നിലവിൽ പ്രീമിയർ ലീഗ് ടേബിൾ ടോപ്പേഴ്‌സായ ആഴ്‌സനലിനെ ഈ സീസണിൽ തോൽപ്പിച്ചിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള ടീമിന്റെ പദ്ധതികൾ തയ്യാറാക്കുമ്പോൾ അർജന്റീന പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ പെപ് ഗ്വാർഡിയോള പ്രത്യേകം ലക്ഷ്യം വെച്ചിരുന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അയാക്‌സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് മാർട്ടിനസിനെ സ്വന്തമാക്കിയതു മുതൽ താരത്തിനെതിരെ ഉയർന്നു കേൾക്കുന്ന പ്രധാന പോരായ്‌മയായ ഉയരക്കുറവല്ല പെപ് ഗ്വാർഡിയോള ലക്‌ഷ്യം വെച്ചതെന്നതാണ് ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്യുന്നത്.

ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് എർലിങ് ബ്രൂട്ട് ഹാലൻഡ്. ഗോളുകൾ അനായാസം അടിച്ചു കൂട്ടുന്ന താരത്തെ മാഞ്ചസ്റ്റർ ഡെർബിയിൽ മാർക്ക് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരങ്ങൾ നിർബന്ധിതരാകുമെന്ന് പെപ് ഗ്വാർഡിയോളക്ക് ഉറപ്പുള്ളതിനാൽ ആ അവസരം മുതലെടുത്ത് ഫിൽ ഫോഡനെ കൂടുതൽ ഉപയോഗിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം തയ്യാറാക്കിയത്. തന്റെ കരിയറിൽ ആദ്യത്തെ ഹാട്രിക്ക് മാഞ്ചസ്റ്റർ ഡെർബിയിൽ തന്നെ നേടിക്കൊണ്ട് ഫിൽ ഫോഡൻ പെപ് ഗ്വാർഡിയോളയുടെ തന്ത്രത്തെ കൃത്യമായി നടപ്പിലാക്കുകയും ചെയ്‌തു.

എർലിങ് ബ്രൂട്ട് ഹാലൻഡിനെ മാർക്ക് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം കൂടുതൽ ശ്രമിക്കുമ്പോൾ അതിൽ വരുന്ന വിടവുകൾ ഉപയോഗിക്കാൻ ഫിൽ ഫോഡനു പുറമെ കെവിൻ ഡി ബ്രൂയ്‌നും പെപ് ഗ്വാർഡിയോള ചുമതല നൽകിയിരുന്നു. രണ്ട് അസിസ്റ്റുകൾ ഹാലൻഡിനു നൽകിയാണ് കെവിൻ ഡി ബ്രൂയ്ൻ തന്നെയേൽപ്പിച്ച ദൗത്യം നടപ്പിലാക്കിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ കെവിൻ ഡി ബ്രൂയ്ൻ എട്ട് അസിസ്റ്റുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സ്വന്തമാക്കിയത്. അതേസമയം എതിരാളികളുടെ ദൗർബല്യം മുതലെടുത്ത് കൃത്യമായി പദ്ധതി ഒരുക്കിയ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിനു കാരണം മാർട്ടിനസിന്റെ മാത്രം പിഴവുകളാണെന്ന് പറയാൻ കഴിയില്ല.

നഗരവൈരികളായ ടീമിനെതിരെ മാഞ്ചസ്റ്റർ സിറ്റി മികച്ച വിജയം നേടിയെങ്കിലും ഇപ്പോഴും പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അവർ രണ്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങൾ കളിച്ച അവർ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെങ്കിലും രണ്ടു സമനിലയാണ് തിരിച്ചടിയായത്. എട്ടു മത്സരങ്ങളിൽ ഏഴെണ്ണവും വിജയിച്ച് ഒരെണ്ണത്തിൽ തോൽവി വഴങ്ങിയ ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് മുന്നിലാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.