കൊച്ചിയിൽ അത്ഭുതഗോളുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആറാട്ട്, ഓരോ നിമിഷവും രോമാഞ്ചം നൽകി ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഉദ്ഘാടന മത്സരങ്ങളിൽ ഒന്നെന്നു നിസംശയം പറയാവുന്ന കളിയിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ കാണികളുടെ ആവേശം ഉൾക്കൊണ്ട് ബ്ലാസ്റ്റേഴ്‌സ് കളിച്ചപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ടീം സ്വന്തമാക്കിയത്. പകരക്കാരനായിറങ്ങിയ യുക്രൈൻ താരം ഇവാൻ രണ്ടു ഗോളുകൾ നേടിയപ്പോൾ അഡ്രിയാൻ ലൂണയാണ് മത്സരത്തിലെ മറ്റൊരു ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അലെക്സിൻറെ വകയായിരുന്നു. ഫുട്ബോൾ ആരാധകരിൽ രോമാഞ്ചം സൃഷ്‌ടിക്കുന്ന ഗോളുകളായിരുന്നു മത്സരത്തിൽ പിറന്ന നാലെണ്ണവും.

ആവേശം ആർത്തിരമ്പിയ ആദ്യപകുതിയായിരുന്നു മത്സരത്തിലേത്. എൻഡ് ടു എൻഡ് മുന്നേറ്റങ്ങൾ കണ്ട മത്സരത്തിൽ ഏറ്റവുമധികം അവസരങ്ങൾ ലഭിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനായിരുന്നു. വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിരന്തരം പരീക്ഷിച്ചെങ്കിലും ലഭിച്ച മികച്ച അവസരങ്ങൾ മുതലെടുക്കാൻ അവർക്കു കഴിഞ്ഞില്ല. മറുവശത്ത് പന്തു കാലിൽ ലഭിക്കുമ്പോഴെല്ലാം ഗോളിനായി ശ്രമിച്ചു കൊണ്ടിരുന്ന ഈസ്റ്റ് ബംഗാളിനും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പറും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും അതിനെ തടുത്തു നിർത്തുന്നതിൽ വിജയിച്ചു.

റഫറിയുടെ തെറ്റായ തീരുമാനങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാകുന്നതും മത്സരത്തിൽ കണ്ടു. ഗോൺസാലസ് അഡ്രിയാൻ ലൂണയുടെ മുഖത്തടിച്ചതിന് അർഹിച്ച കാർഡ് റഫറി നൽകിയില്ല. ഇതിനു പിന്നാലെ രണ്ടു ടീമിലെയും താരങ്ങൾ തമ്മിൽ ചെറിയ തോതിൽ ഉരസലും നടന്നിരുന്നു. ഇതിനു പുറമെ ഈസ്റ്റ് ബംഗാൾ ബോക്‌സിനു പുറത്തു നിന്നുമുണ്ടായ ഒരു ഹാൻഡ് ബോൾ അനുവദിക്കാത്തത് അടക്കം റഫറിയിങ്ങിലെ ഏതാനും പിഴവുകൾ മത്സരത്തിൽ ഉണ്ടായിരുന്നു.

രണ്ടാം പകുതി പൂർണമായും കേരള ബ്ലാസ്‌റ്റേഴ്‌സിന് അവകാശപ്പെട്ടതായിരുന്നു. തുടക്കം മുതൽ തന്നെ തുരുതുരാ ആക്രമണം അഴിച്ചു വിട്ട അവർ പല തവണ ഗോൾ നേടുന്നതിന്റെ തൊട്ടരികിലെത്തിയിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ കൈകൾ ലീഡെടുക്കുന്നതിൽ നിന്നും അവരെ തടഞ്ഞു. എന്നാൽ ആ പ്രതിരോധത്തിന് എഴുപത്തിരണ്ടാം മിനുട്ട് വരെ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഖബ്‌റ സ്വന്തം ഹാഫിൽ നിന്നും മനോഹരമായി ഗോൾമുഖത്തേക്ക് ഉയർത്തി നൽകിയ പന്ത് നിലം തോടും മുൻപ് ക്ലോസ് റേഞ്ച് ഷോട്ടിൽ അഡ്രിയാൻ ലൂണ ഗോളിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.

ഗോൾ നേടിയിട്ടും പിൻവലിഞ്ഞു കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറായിരുന്നില്ല. ഈസ്റ്റ് ബംഗാൾ മുന്നേറ്റങ്ങൾക്കു തടയിട്ടു കൊണ്ടുള്ള പ്രത്യാക്രമണങ്ങൾ കൊണ്ടവർ നിരന്തരം ഭീഷണിയുയർത്തി. അതിന്റെ ഭാഗമായാണ് മത്സരത്തിലെ രണ്ടാമത്തെ ഗോൾ പിറക്കുന്നത്. പകരക്കാരനായിറങ്ങിയ ഇവാൻ കൽയൂഴ്‌നി ഒരു സോളോ മുന്നേറ്റത്തിലൂടെ താരം അമരീന്ദർ സിംഗിനെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡുയർത്തി. അതിനു പിന്നാലെ തന്നെ അലക്‌സിന്റെ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ കൊൽക്കത്ത ടീമിന്റെ തിരിച്ചു വരവിന്റെ സാധ്യതകൾ തുറന്നെങ്കിലും അതു സാധ്യമായിരുന്നില്ല.

ഈസ്റ്റ് ബംഗാളിന് തിരിച്ചു വരാനുള്ള സാധ്യതകൾ എല്ലാം അടച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ എൺപത്തിയൊമ്പതാം മിനുട്ടിൽ കൽയൂഴ്‌നി തന്നെയാണ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച കോർണർ എടികെ ക്ലിയർ ചെയ്‌തപ്പോൾ ബോക്‌സിനു പുറത്തു നിൽക്കുകയായിരുന്ന യുക്രൈൻ താരം ഒരു ഇടംകാൽ ബുള്ളറ്റ് ഷോട്ടിലൂടെ അത് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. പന്ത് താൻ കണ്ടു പോലുമില്ലെന്ന് അതിനു ശേഷം അമരീന്ദർ സിങ് പറഞ്ഞു കാണണം.

മത്സരത്തിൽ പിറന്ന ഓരോ ഗോളുകളും അതിമനോഹരവും കാണികൾക്ക് രോമാഞ്ചം സൃഷ്ടിക്കുന്നതുമായിരുന്നു എന്നതിനാൽ ഈ സീസണിലെ ഐഎസഎല്ലിന് ഏറ്റവും മികച്ച തുടക്കം തന്നെയാണ് ലഭിച്ചതെന്നതിൽ യാതൊരു സംശയവുമില്ല. ഓരോ നിമിഷവും സ്വന്തം ടീമിന് പിന്തുണ നൽകിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സജീവ പിന്തുണ കൂടിയാകുമ്പോൾ ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഉദ്ഘാടന മത്സരമാണ് ഇന്ന് നടന്നത്.