റൊണാൾഡോയുടെ അഭിമുഖത്തിൽ മെസിയെക്കുറിച്ചും പരാമർശം, വലിയ വാർത്തകൾ സൃഷ്‌ടിക്കുമെന്ന് പിയേഴ്‌സ് മോർഗൻ

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താൻ നടത്തിയ അഭിമുഖത്തിൽ മെസിയെക്കുറിച്ചു താരം പരാമർശിക്കുന്ന ഭാഗങ്ങളുണ്ടെന്ന് പ്രമുഖ ബ്രോഡ്‌കാസ്റ്ററായ പിയേഴ്‌സ് മോർഗൻ. കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ റൊണാൾഡോയുടെ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ പുറത്തു വന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

“റൊണാൾഡോ മെസിയെക്കുറിച്ചു വല്ലതും പറഞ്ഞിരുന്നോ എന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിരുന്നു. തീർച്ചയായും ഉണ്ട്. അത് വലിയ വാർത്തകൾ സൃഷ്‌ടിക്കുന്ന കാര്യവുമാണ്.” തന്റെ ട്വിറ്റർ അക്കൗണ്ടിൽ പിയേഴ്‌സ് മോർഗൻ കുറിച്ചു.

തന്റെ ക്ലബിനും പരിശീലകനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തിയ റൊണാൾഡോ മെസിയെക്കുറിച്ച് എന്താവും പറഞ്ഞിരിക്കുകയെന്ന ആകാംക്ഷ ആരാധകർക്കുണ്ട്. നിലവിൽ ലയണൽ മെസി മികച്ച ഫോമിൽ കളിക്കുമ്പോൾ റൊണാൾഡോ മോശം ഫോമിലാണ്. താരത്തിന്റെ വാക്കുകൾ എന്താകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.