മെസി സ്വപ്നം കണ്ടത് ഇത്തവണയും നടന്നില്ല, ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജി പുറത്ത്
കോപ്പേ ഡി ഫ്രാൻസ് പ്രീ ക്വാർട്ടറിൽ മാഴ്സയുമായി നടന്ന മത്സരത്തിൽ തോൽവി വഴങ്ങി പിഎസ്ജി ടൂർണമെന്റിൽ നിന്നും പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഴ്സയുടെ മൈതാനത്ത് പിഎസ്ജി തോൽവി വഴങ്ങിയത്. ചിലി താരം അലക്സിസ് സാഞ്ചസ്, യുക്രൈൻ താരം മലിനോവ്സ്കി എന്നിവർ മാഴ്സക്കായി ഗോൾ നേടിയപ്പോൾ മത്സരത്തിൽ പിഎസ്ജിയുടെ ആശ്വാസഗോൾ പ്രതിരോധതാരം സെർജിയോ റാമോസാണ് സ്വന്തമാക്കിയത്.
എംബാപ്പെയുടെ അഭാവത്തിൽ ലയണൽ മെസിയും നെയ്മറും ചേർന്നാണ് പിഎസ്ജി മുന്നേറ്റനിരയെ നയിച്ചിരുന്നത്. സ്വന്തം മൈതാനത്ത് മാഴ്സയാണ് ആധിപത്യം സ്ഥാപിച്ചിരുന്നത്. അവരുടെ നിരവധി മുന്നേറ്റങ്ങൾ ഗോളിനരികിൽ എത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. എന്നാൽ മുപ്പത്തിയൊന്നാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ സാഞ്ചസ് മാഴ്സയെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് നെയ്മർ എടുത്ത കോർണറിൽ നിന്നും റാമോസ് ഗോൾ നേടി പിഎസ്ജിക്ക് പ്രതീക്ഷ നൽകി.
രണ്ടാം പകുതിയാരംഭിച്ച് പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും മാഴ്സ തങ്ങളുടെ ലീഡ് തിരിച്ചു പിടിച്ചു. ബോക്സിന് പുറത്തു നിന്നുള്ള മലിനോവ്സ്കിയുടെ ഒരു ബുള്ളറ്റ് ഷോട്ട് പിഎസ്ജിയുടെ വല കുലുക്കുകയായിരുന്നു. അതിനു ശേഷം തിരിച്ചു വരാനുള്ള പിഎസ്ജിയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. എഴുപത്തിയെട്ടാം മിനുട്ടിൽ നെയ്മർ നൽകിയ പാസിൽ നിന്നും മെസിക്കൊരു ഭേദപ്പെട്ട അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്.
PSG are eliminated from the Coupe de France by Marseille in the round of 16.
— B/R Football (@brfootball) February 8, 2023
It’s the only trophy Messi has competed for in his career that he has not won ❌ pic.twitter.com/3xOuoCbI7g
മത്സരത്തിൽ തോറ്റതോടെ കരിയറിൽ കളിച്ച എല്ലാ ടൂർണമെന്റിലും കിരീടം നേടാമെന്ന ലയണൽ മെസിയുടെ സ്വപ്നം ഇല്ലാതെയായി. ഫ്രഞ്ച് കപ്പൊഴികെ ലയണൽ മെസി ഏതൊക്കെ ടൂർണമെന്റിൽ കളിച്ചിട്ടുണ്ടോ, അതിലെല്ലാം കിരീടം സ്വന്തമാക്കിയിരുന്നു. ഇത്തവണ ഫ്രഞ്ച് കപ്പ് കൂടി നേടിയാൽ കരിയർ എല്ലാ അർത്ഥത്തിലും പൂർണമാക്കാമെന്ന മെസിയുടെ മോഹമാണ് മാഴ്സയോട് തോൽവി വഴങ്ങി പുറത്തായതിലൂടെ ഇല്ലാതായത്.