ലോകകപ്പിൽ തിളങ്ങിയ അർജന്റീന താരത്തെ ലയണൽ മെസിക്കൊപ്പം കളിപ്പിക്കാൻ പിഎസ്‌ജി

ഖത്തർ ലോകകപ്പ് നിരവധി താരങ്ങൾക്കാണ് ഹീറോ പരിവേഷം നൽകിയത്. അത്രയധികം അറിയപ്പെടാതെ കിടന്നിരുന്ന പല താരങ്ങളും തങ്ങളുടെ ടീമിനായി നടത്തിയ മികച്ച പ്രകടനം കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ലോകകപ്പ് നേടിയ അർജന്റീന ടീമിലും അങ്ങിനെയുള്ള താരങ്ങളുണ്ട്. അതിലൊരാളാണ് ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ അർജന്റീനിയൻ മിഡ്‌ഫീൽഡർ എൻസോ ഫെർണാണ്ടസ്. വെറും ഇരുപത്തിയൊന്ന് വയസു മാത്രമുള്ള എൻസോയാണ് ആദ്യത്തെ രണ്ടു മത്സരത്തിനു ശേഷമുള്ള അർജന്റീന മധ്യനിരയെ നയിച്ചത്.

ലോകകപ്പിനു ശേഷം ജനുവരി ട്രാൻസ്‌ഫർ ജാലകം വരാനിരിക്കെ എൻസോ ഫെർണാണ്ടസിനായി നിരവധി ക്ലബുകൾ രംഗത്തു വരുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും ലാ ലിഗ ക്ലബായ റയൽ മാഡ്രിഡും ബെൻഫിക്ക താരത്തിനായി ശ്രമം നടത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഫ്രഞ്ച് പിഎസ്‌ജിയും എൻസോക്കായി രംഗത്തു വന്നിട്ടുണ്ട്. ലയണൽ മെസിക്കൊപ്പം എൻസോ ഫെർണാണ്ടസിനെയും അണിനിരത്താനാണ് പിഎസ്‌ജിയുടെ ശ്രമമെന്ന് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടാണ് റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്‌.

കഴിഞ്ഞ കുറച്ചു ട്രാൻസ്‌ഫർ ജാലകങ്ങളിലായി നിരവധി മധ്യനിര താരങ്ങളെ സ്വന്തമാക്കിയ ടീമാണ് പിഎസ്‌ജി. എന്നാൽ ടീമിനെ നിരന്തരം മികച്ചതാക്കുക എന്നതു ലക്ഷ്യമിട്ടാണ് അവർ എൻസോ ഫെർണാണ്ടസിന്റെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടമെന്നത് പിഎസ്‌ജിയുടെ വലിയൊരു ലക്ഷ്യമാണ്. അതിനു വേണ്ടിയാണ് അവർ ടീമിലേക്ക് ഏറ്റവും മികച്ച താരങ്ങളെ എത്തിക്കുന്നത്. നിലവിൽ തന്നെ ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്‌മർ, റാമോസ് തുടങ്ങിയ വലിയൊരു താരനിരയുണ്ടെങ്കിലും യുവതാരങ്ങളെ കൂടിയെത്തിച്ച് ടീമിനെ വളർത്താനാണ് അവർ ശ്രമിക്കുന്നത്.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റിവർപ്ലേറ്റിൽ നിന്നും പോർച്ചുഗീസ് ക്ളബിലെത്തിയ എൻസോ ഫെർണാണ്ടസ് ഇരുപത്തിനാല് മത്സരങ്ങൾ ബെൻഫിക്കക്കായി കളിച്ച് മൂന്നു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. പിഎസ്‌ജിയെ മറികടന്ന് ബെൻഫിക്ക ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയതിനു താരത്തിന്റെ പ്രകടനവും നിർണായകമായിരുന്നു. നിലവിൽ 120 മില്യൺ യൂറോ വിലയിട്ടിരിക്കുന്ന താരത്തിനായി നേരത്തെ പറഞ്ഞ മൂന്നു ക്ലബുകൾക്ക് പുറമെ ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ആഴ്‌സണൽ, ടോട്ടനം തുടങ്ങിയ ക്ലബുകളെല്ലാം രംഗത്തുണ്ട്.

fpm_start( "true" ); /* ]]> */