ലോകകപ്പ് നേടിയ ലയണൽ മെസിക്ക് ബ്രസീലിൽ ആദരവ് നൽകും, ഔദ്യോഗിക ക്ഷണമെത്തി

ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീന ടീമിന്റെ നായകനായ ലയണൽ മെസിക്ക് ബ്രസീലിൽ ആദരവ് നൽകാൻ ഔദ്യോഗികമായ ക്ഷണം. 2022ൽ ബ്രസീൽ ലോകകപ്പ് നേടിയതിനു ശേഷം ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നത്. സൗത്ത് അമേരിക്കയുടെ അഭിമാനം ഉയർത്തിയതിനു മാത്രമല്ല, ഫുട്ബോളിന് ലയണൽ മെസി നൽകിയ സംഭാവനകളെയും കൂടി പരിഗണിച്ചാണ് ആദരവ് നൽകാനുള്ള തീരുമാനം.

ബ്രസീലിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലെ വാക്ക് ഓഫ് ഫെയിമിൽ തന്റെ അടയാളം സ്ഥാപിക്കാനാണ് ലയണൽ മെസിയെ ക്ഷണിച്ചിരിക്കുന്നത്. അതിന്റെ പ്രസിഡന്റായ അഡ്രിയാനോ ജോസ് ഡോസ് സാന്റോസ് ഇതുമായി ബന്ധപ്പെട്ട അർജന്റീനിയൻ ഫുട്ബോൾ ഫെഡറേഷന് കത്തയച്ചിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് മാരക്കാന സ്റ്റേഡിയത്തിന്റെ വാക്ക് ഓഫ് ഫെയിമിൽ തന്റെ അടയാളം സ്ഥാപിക്കാൻ ലയണൽ മെസിക്കു ക്ഷണം വരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

“ലയണൽ മെസി മൈതാനത്തിലും അതിനു പുറത്തും തന്റെ പ്രാധാന്യം തെളിയിച്ചു കഴിഞ്ഞു. ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഒരുപാട് വർഷങ്ങൾ തന്റെ ഏറ്റവുമുയർന്ന നിലവാരം പുലർത്തിയ താരമാണ് ലയണൽ മെസി. താരത്തിന് ആദരവ് നൽകുന്നത് മരക്കാനയെ സംബന്ധിച്ച് മനോഹരമായ കാര്യമാണ്. എല്ലാറ്റിലും ഉപരിയായി പന്തിന്മേൽ മെസിയൊരു ജീനിയാസാണ്.” അഡ്രിയാനോ സാന്റോസ് പറഞ്ഞു.

ഇതിനു മുൻപ് മെസി കോപ്പ അമേരിക്ക കിരീടം നേടിയപ്പോഴാണ് ആദരവ് നൽകാൻ മരക്കാന സ്റ്റേഡിയത്തിലേക്ക് ക്ഷണമുണ്ടായത്. പെലെ, ഗരിഞ്ച, റൊണാൾഡീന്യോ, റൊണാൾഡോ നസരിയോ തുടങ്ങിയ ബ്രസീലിയൻ താരങ്ങൾ ഇവിടുത്തെ വാക്ക് ഓഫ് ഫെയിമിലുണ്ട്. ചിലിയുടെ ലൂക്കാസ് ഫിഗുവേര, യുറുഗ്വായുടെ അൽസിഡീസ് ഗിഗിയ, സെബാസ്റ്റ്യൻ ആബ്രിയോ, ഫ്രാൻസിന്റെ ബെക്കൻബോവർ തുടങ്ങിയ താരങ്ങളും ഇവിടെ തങ്ങളുടെ അടയാളം സ്ഥാപിച്ചിട്ടുണ്ട്.