ലയണൽ മെസി പോയാലും പ്രശ്നമില്ല, പകരക്കാരനെ കണ്ടെത്തി പിഎസ്ജി | PSG
ഈ സീസൺ അവസാനിക്കുന്നതോടെ ലയണൽ മെസി പിഎസ്ജി വിടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താരത്തിന്റെ കരാർ പുതുക്കാൻ ഫ്രഞ്ച് ക്ലബ് ഒരുപാട് ശ്രമം നടത്തിയെങ്കിലും ലോകകപ്പിന് ശേഷം ഫ്രാൻസിലെ ആരാധകർ തന്നെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതു കാരണം ലയണൽ മെസി അതിനു തയ്യാറായില്ല. സൗദി സന്ദർശനത്തിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കിടെ ആരാധകർ ലയണൽ മെസിക്കെതിരെ പ്രതിഷേധം നടത്തിയതോടെ തീരുമാനം ഉറച്ചതായി മാറി.
മധ്യനിര ദുർബലമായ പ്രകടനം നടത്തുന്ന പിഎസ്ജിയെ മുന്നോട്ടു കൊണ്ടുപോകാൻ പ്രധാന പങ്കു വഹിച്ച ലയണൽ മെസി ക്ലബ് വിടുന്നത് പിഎസ്ജിയെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് തന്നെ ലയണൽ മെസിക്ക് മികച്ചൊരു പകരക്കാരനെ കണ്ടെത്തേണ്ടത് ഫ്രഞ്ച് ക്ലബിന് ആവശ്യമാണ്. ഫ്രഞ്ച് മാധ്യമമായ ലെ പാരീസിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസിയുടെ പകരക്കാരനായി ആരു വേണമെന്ന കാര്യത്തിൽ പിഎസ്ജി തീരുമാനം എടുത്തിട്ടുണ്ട്.
🚨 Bernardo Silva is PSG's number 1 target to replace Lionel Messi. 🇵🇹
— Transfer News Live (@DeadlineDayLive) May 15, 2023
(Source: @le_Parisien_PSG ) pic.twitter.com/iMgTc9n3Mt
ലയണൽ മെസിയുടെ പ്രതിഭ സിൽവക്കില്ലെങ്കിലും സിൽവയെ മെസിയെക്കാൾ മുന്നിൽ നിർത്തുന്ന മറ്റു ചില ഘടകങ്ങളുണ്ട്. പല പൊസിഷനുകളിലും താരത്തിന് കളിക്കാൻ കഴിയുമെന്നതിനു പുറമെ പ്രതിരോധത്തിലും കാര്യമായ സംഭാവന താരം നൽകാറുണ്ട്. അതിനൊപ്പം തന്നെ ആക്രമണത്തിൽ ടീമിനെ വലിയ രീതിയിൽ സഹായിക്കാനും താരത്തിന് കഴിയും. ഇതിനു മുൻപും സിൽവയെ സ്വന്തമാക്കാൻ പിഎസ്ജി ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയം കണ്ടില്ല.
ബാഴ്സലോണക്കും സിൽവയിൽ താൽപര്യമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ താരത്തെ സ്വന്തമാക്കാൻ പിഎസ്ജിക്ക് വലിയ മുൻതൂക്കമുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ടു വർഷം കൂടി കരാറുള്ള ഇരുപത്തിയെട്ടു വയസുള്ള താരത്തിനു എൺപതു മില്യൺ വരെ നൽകേണ്ടി വരുന്നത് ബാഴ്സയെ സംബന്ധിച്ച് അപ്രാപ്യമായ കാര്യമാണ്. അതിനു പുറമെ സിൽവയുടെ ഏജന്റായ ജോർജ് മെന്ഡസും പിഎസ്ജിയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്.
PSG Want Bernardo Silva To Replace Lionel Messi