ഗ്വാർഡിയോള പുതിയ ക്ലബ്ബിലേക്ക്, ആരാധകർ കാത്തിരുന്ന ഒത്തുചേരൽ സംഭവിച്ചേക്കും
മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് പ്രതിസന്ധിയുടെ കാലഘട്ടമാണ് ഇപ്പോഴത്തേത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണലിന് പിന്നിലായിപ്പോയ ക്ലബിന് മറ്റുള്ള ആഭ്യന്തര കിരീടങ്ങളിലും പ്രതീക്ഷയില്ല. ചാമ്പ്യൻസ് ലീഗ് സ്വപ്നം നിലനിൽക്കുന്നുണ്ടെങ്കിലും അതിനിടയിൽ ക്ലബിനെതിരെ രൂക്ഷമായ ആരോപണവും ഉണ്ടായിരുന്നു. 2009 മുതലുള്ള ഒൻപതു വർഷങ്ങളിൽ ക്ലബ് പ്രീമിയർ ലീഗിലെ സാമ്പത്തിക നയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്.
മാഞ്ചസ്റ്റർ സിറ്റി നിയമവിരുദ്ധമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ക്ലബിന്റെ പോയിന്റ് വെട്ടിക്കുറക്കുകയോ അല്ലെങ്കിൽ ചിലപ്പോൾ പ്രീമിയർ ലീഗിൽ നിന്നു തന്നെ പുറത്താക്കുകയോ ചെയ്തേക്കും. ക്ലബ് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പരിശീലകനായ ഗ്വാർഡിയോള മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മാഞ്ചസ്റ്റർ സിറ്റി തെറ്റുകാരാണെന്ന് കണ്ടെത്തിയാൽ ഗ്വാർഡിയോള ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുകയാണെങ്കിൽ ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ ഇപ്പോൾ അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ അദ്ദേഹത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ പിഎസ്ജി ഏതു വിധേനയും ശ്രമിക്കുമെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ സിദാൻ പിഎസ്ജി പരിശീലകനാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടാൽ ഇതിൽ മാറ്റമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
Is Pep Guardiola on his way out of Manchester? 🔵😬https://t.co/sgI326z58r
— FourFourTwo (@FourFourTwo) February 8, 2023
പെപ് ഗ്വാർഡിയോള വരുന്നത് ലയണൽ മെസിയെ ടീമിനൊപ്പം നിലനിർത്താൻ പിഎസ്ജിയെ സഹായിക്കും. ഈ സീസണിൽ കരാർ അവസാനിക്കുന്ന താരം ഇതു വരെയും ക്ലബുമായി പുതിയ കരാർ ഒപ്പിട്ടിട്ടില്ല. എന്നാൽ ബാഴ്സലോണയിൽ ഗ്വാർഡിയോളയുടെ കീഴിൽ കളിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ഉയർന്നു പോയ ലയണൽ മെസിക്ക് അദ്ദേഹത്തിന് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടായിരിക്കും. ആരാധകരും പെപ്പും മെസിയും വീണ്ടും ഒരുമിക്കണമെന്ന ആഗ്രഹമുള്ളവരാണ്.