ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായത് തങ്ങളുടെ വിജയം പോലെയാണ് ആഘോഷിച്ചതെന്ന് അർജന്റീന താരം

അർജന്റീന ആരാധകരുടെ വളരെക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിച്ചാണ് ഖത്തർ ലോകകപ്പിൽ ടീം കിരീടം സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യ മുപ്പത്തിയാറു മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി വന്ന ലയണൽ മെസിയെയും സംഘത്തെയും തോൽപ്പിച്ചെങ്കിലും അതിനു ശേഷമുള്ള മത്സരങ്ങളിൽ ആധികാരികമായ പ്രകടനവും എതിരാളികളെ കൃത്യമായി തളക്കാനുള്ള തന്ത്രങ്ങളും ആവിഷ്‌കരിച്ചാണ് അർജന്റീന മുപ്പത്തിയാറു വർഷത്തിന് ശേഷം തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ഖത്തർ ലോകകപ്പിൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം നടക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയോടും അർജന്റീന ഹോളണ്ടിനോടും വിജയിച്ചിരുന്നെങ്കിൽ സെമിയിൽ ലാറ്റിനമേരിക്കയിലെ വമ്പൻ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായേനെ. എന്നാൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോൽവി വഴങ്ങി ബ്രസീൽ പുറത്തു പോയതോടെ അർജന്റീനയും ക്രൊയേഷ്യയും തമ്മിലാണ് സെമി ഫൈനൽ നടന്നത്.

ക്രൊയേഷ്യക്കെതിരായ ബ്രസീലിന്റെ തോൽവി അർജന്റീന ടീമിനെ മുഴുവൻ ആഹ്ലാദത്തിലാഴ്ത്തിയെന്നാണ് കഴിഞ്ഞ ദിവസം മധ്യനിര താരമായ പപ്പു ഗോമസ് വെളിപ്പെടുത്തിയത്. ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ ലോകകപ്പ് എന്തായാലും നേടാമെന്ന പ്രതീക്ഷ അർജന്റീന താരങ്ങൾക്ക് വന്നുവെന്നും താരം പറഞ്ഞു. ബ്രസീൽ ഉണ്ടായിരുന്നെങ്കിൽ കിരീടം നേടുന്നത് ദുഷ്‌കരമായിരുന്നു എന്ന തോന്നൽ അർജന്റീന താരങ്ങൾക്കുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

“വാം അപ്പിനായി പുറത്തു പോകാൻ വേണ്ടി വസ്ത്രങ്ങൾ മാറ്റാനിരുന്ന സമയത്താണ് ഞങ്ങളെല്ലാവരും ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള പെനാൽറ്റി ഷൂട്ടൗട്ട് കാണുന്നത്. ബ്രസീൽ തോൽവി വഴങ്ങിയാൽ ഈ കിരീടം ഞങ്ങളുടേതാണെന്ന് താരങ്ങൾ പറഞ്ഞു. ക്രൊയേഷ്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയതോടെ ഞങ്ങൾ വിജയം നേടിയത് പോലെയാണ് ആഘോഷിച്ചത്.” കഴിഞ്ഞ ദിവസം ഡിസ്പോർട്ടിനോട് സംസാരിക്കുമ്പോൾ പപ്പു ഗോമസ് പറഞ്ഞു.

ഇത്തവണ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീമായ ബ്രസീലിനെ ക്രൊയേഷ്യ തോൽപ്പിച്ചത് ഫുട്ബോൾ ആരാധകരിൽ പലർക്കും അപ്രതീക്ഷിതമായ സംഭവമായിരുന്നു. സെമി ഫൈനലിൽ ക്രൊയേഷ്യയെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിൽ എത്തിയത്. ഫൈനലിൽ ഫ്രാൻസിനെതിരെ ഷൂട്ടൗട്ടി വിജയിച്ച് അർജന്റീന കിരീടവും സ്വന്തമാക്കി.