ഇത്തവണയും സ്വപ്‌നനേട്ടം പൂർത്തിയാക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞേക്കില്ല, എംബാപ്പെക്ക് പിന്നാലെ മെസിക്കും പരിക്ക്

ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്നതാണ് നിരവധി വർഷങ്ങളായി പിഎസ്‌ജിക്ക് മുന്നിലുള്ള പ്രധാന ലക്‌ഷ്യം. നെയ്‌മർ, മെസി, എംബാപ്പെ എന്നീ സൂപ്പർതാരങ്ങളെ ഒരുമിച്ചൊരു ടീമിൽ അണിനിരത്തിയതും ഇതിന്റെ ഭാഗമായി തന്നെയാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങി പുറത്തു പോയെങ്കിലും ഈ സീസണിൽ അതിന് മറുപടി നൽകാമെന്നും ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാമെന്നുമുള്ള പ്രതീക്ഷ പിഎസ്‌ജിക്കുണ്ടായിരുന്നു.

എന്നാൽ ചാമ്പ്യൻസ് ലീഗ് പോരാട്ടം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പിഎസ്‌ജിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി പരിക്കിന്റെ ബുദ്ധിമുട്ടുകൾ ടീമിനെ വലക്കുകയാണ്. നേരത്തെ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായ കിലിയൻ എംബാപ്പെ പരിക്കേറ്റു പുറത്തു പോയിരുന്നു. താരത്തിന് ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്‌ടമാകുമെന്ന വാർത്തകൾക്ക് പിന്നാലെ ലയണൽ മെസിക്കും മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മാഴ്‌സക്കെതിരായ ഫ്രഞ്ച് കപ്പ് മത്സരത്തിന് പിന്നാലെയാണ് ലയണൽ മെസിക്ക് പരിക്ക് പറ്റിയതെന്നാണ് റിപ്പോർട്ടുകൾ. പിഎസ്‌ജി തോൽവി വഴങ്ങിയ മത്സരത്തിൽ തൊണ്ണൂറു മിനുട്ടും മെസി കളിച്ചിരുന്നു. ഈ മത്സരത്തിന്റെ പിറ്റേ ദിവസം മെസി ഹാംസ്ട്രിങ് ഇഞ്ചുറിയുമായി ട്രീറ്റ്‌മെന്റ് റൂമിലെത്തിയെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ വ്യക്തമാക്കുന്നു. മൊണോക്കോക്കെതിരെ നടക്കുന്ന അടുത്ത ലീഗ് മത്സരം നഷ്‌ടമായ താരം ബയേണിനെതിരെയും കളിക്കാനുള്ള സാധ്യതയില്ല.

അതേസമയം മെസിയും എംബാപ്പയും മത്സരത്തിന് മുൻപേ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഈ മൂന്നു താരങ്ങൾ ഒപ്പം കളിച്ചാൽ മാത്രമേ ബയേണിനെ പോലെയൊരു എതിരാളിയെ വിറപ്പിക്കാൻ പിഎസ്‌ജിക്ക് കഴിയുകയുള്ളൂ. അതല്ലെങ്കിൽ പ്രതിരോധത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പിഎസ്‌ജി ടീമിനെ ജർമൻ ക്ലബ് തകർത്തു കളയാനുള്ള സാധ്യതയുണ്ട്. എംബാപ്പായും മെസിയും ഇല്ലെങ്കിൽ ടീമിന്റെ ഉത്തരവാദിത്വം നെയ്‌മറുടെ ചുമലിലുമായിരിക്കും.

ചാമ്പ്യൻസ് ലീഗിൽ നിന്നും ഇത്തവണയും നേരത്തെ പുറത്തായാൽ അത് പിഎസ്‌ജിയിൽ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പരിശീലകൻ ഗാൾട്ടിയാർ അടക്കമുള്ളവർക്ക് അത് പുറത്തേക്കുള്ള വഴി കാണിക്കും. ടീമിലെ താരങ്ങൾ ഒഴിവാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. മെസി, നെയ്‌മർ അടക്കമുള്ളവർ ടീം വിടാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.