എതിർ ടീമിലെ ആറോളം താരങ്ങളെ ഒറ്റക്ക് മറികടന്ന് അസിസ്റ്റ്, റൊണാൾഡോയുടെ പിൻഗാമി തന്നെയെന്ന് ആരാധകർ | Rafael Leao
ഈ സീസണിൽ സീരി എയിൽ അപാരമായ കുതിപ്പാണ് നാപ്പോളി നടത്തിയതെങ്കിലും ചാമ്പ്യൻസ് ലീഗിൽ അത് തുടരാൻ അവർക്ക് കഴിഞ്ഞില്ല. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ സാധ്യതയുള്ളതെന്ന് ഏവരും കരുതിയ ടീം ഇറ്റലിയിൽ തന്നെയുള്ള ക്ലബായ എസി മിലാനോട് തോൽവി വഴങ്ങിയാണ് പുറത്തു പോയത്. ആദ്യപാദ മത്സരത്തിൽ മിലാൻ ഒരു ഗോളിന് വിജയിച്ചപ്പോൾ രണ്ടാം പാദ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് ഒരു ഗോളിന്റെ വിജയം നേടിയ മിലാൻ നാപ്പോളിയുടെ മൈതാനത്തു നടന്ന രണ്ടാം പാദത്തിൽ മുന്നിലെത്തിയിരുന്നു. ഫ്രഞ്ച് താരമായ ഒലിവർ ജിറൂദാണ് ആദ്യപകുതിയിൽ ടീമിനെ മുന്നിലെത്തിച്ചത്. എന്നാൽ ആ ഗോളിനെക്കാൾ ഗോളിനുള്ള അസിസ്റ്റാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. പോർച്ചുഗൽ യുവതാരമായ റാഫേൽ ലിയാവോയാണ് മനോഹരമായ നീക്കത്തിലൂടെ ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
Rafael Leao’s Coast to Coast run and the assist from a fan cam 🎥 pic.twitter.com/MV24gkaG86
— Rahman osman (@iamrahmanosman) April 19, 2023
സ്വന്തം പെനാൽറ്റി ബോക്സിന്റെ തൊട്ടു പുറത്തു നിന്നും പന്ത് ലഭിച്ച ലിയാവോ നടത്തിയ മുന്നേറ്റത്തിൽ ഒന്നൊന്നായി ആറോളം നാപ്പോളി താരങ്ങളെയാണ് മറികടന്നത്. ഒറ്റക്ക് മുന്നേറി നാപ്പോളി ബോക്സിലെത്തിയ താരം ഒടുവിൽ ബോക്സിൽ നിന്നിരുന്ന ജിറൂദിന് പന്ത് നൽകി. ഒഴിഞ്ഞു കിടന്നിരുന്ന പോസ്റ്റിലേക്ക് പന്തൊന്നു തട്ടിയിടേണ്ട അവസ്ഥയേ ഫ്രഞ്ച് താരത്തിന് വന്നുള്ളൂ. ആ ഗോളിന്റെ മുഴുവൻ ക്രെഡിറ്റും ലിയാവോക്ക് തന്നെയായിരുന്നു.
താരത്തിന്റെ അസിസ്റ്റ് കണ്ട ആരാധകർ റൊണാൾഡോയുടെ പിൻഗാമി തന്നെയാണ് ലിയാവോ എന്നാണു പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന സമയത്ത് ഇതുപോലെ അതിവേഗത്തിൽ എതിരാളികളെ മറികടന്ന് അവസരങ്ങൾ ഒരുക്കി നൽകുന്ന റൊണാൾഡോ മനോഹരമായൊരു കാഴ്ചയായിരുന്നു. പോർച്ചുഗലിൽ നിന്നു തന്നെ വരുന്ന ലിയാവോ ആ പ്രകടനത്തെ ഓർമിപ്പിക്കുന്ന അസിസ്റ്റ് തന്നെയാണ് ഇന്നലത്തെ മത്സരത്തിൽ നൽകിയത്.
ഇരുപത്തിമൂന്നു വയസുള്ള ലിയാവോ ഈ സീസണിൽ സീരി എയിൽ പത്തു ഗോളുകളും ആറ് അസിസ്റ്റുകളും മിലാനായി സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും മൂന്ന് അസിസ്റ്റുകൾ താരത്തിന്റെ പേരിലുണ്ട്. ഇപ്പോൾ 2007നു ശേഷം ആദ്യമായി എസി മിലാനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിക്കാനും നിർണായക പങ്കു വഹിക്കാൻ താരത്തിന് കഴിഞ്ഞു.
Content Highlights: Rafael Leao Assist Against Napoli