വരാനെയുടെ വിരമിക്കൽ ഓരോ ഫുട്ബോൾ താരത്തിനും മുന്നറിയിപ്പ്, കാരണം വെളിപ്പെടുത്തി ഫ്രഞ്ച് താരം

തീർത്തും അപ്രതീക്ഷിതമായാണ് ഫ്രഞ്ച് പ്രതിരോധതാരമായ റാഫേൽ വരാനെ തന്റെ ഇന്റർനാഷണൽ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫ്രാൻസിനൊപ്പം 2018 ലോകകപ്പ് നേടിയ താരം ഖത്തറിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ എത്തുമ്പോഴും ടീമിന്റെ പ്രധാന താരമായിരുന്നു. ഇരുപത്തിയൊമ്പത് വയസ് മാത്രം പ്രായമുള്ള താരത്തിന് ഇനിയൊരു ലോകകപ്പിൽ കൂടി കളിക്കാൻ കഴിയുമെന്നിരിക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് വരാനെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

റാഫേൽ വരാനെ റിട്ടയർ ചെയ്യാനുള്ള കാരണത്തെ സംബന്ധിച്ച് നിരവധിയായ അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജന്റീന ടീമിനോട് തോറ്റതിന്റെ മാനസികമായ ആഘാതമാണ് കാരണമെന്നും, അതല്ല നിരന്തരമായ പരിക്കുകൾ ഉണ്ടാകുന്നതാണ് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും താരം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയുണ്ടായി.

“മാനസികമായും ശാരീരികമായും ഞാനെല്ലാം നൽകി. എന്നാൽ ഫുട്ബോളിലെ ഏറ്റവും ഉയർന്ന തലത്തിൽ കളിക്കുകയെന്നത് വാഷിങ് മെഷീൻ പോലെയാണ്, നിങ്ങൾ എല്ലാ സമയത്തും നിർത്താതെ കളിച്ചു കൊണ്ടേയിരിക്കണം. ഞങ്ങൾക്ക് അമിതമായ മത്സരക്രമങ്ങളും നിർത്താതെ കളിക്കേണ്ട മത്സരങ്ങളുമുണ്ട്. നിലവിൽ ഞാൻ വീർപ്പുമുട്ടൽ അനുഭവിക്കുന്നുണ്ട്, ഒരു താരമെന്ന നിലയിൽ വളരെ ബുദ്ധിമുട്ടുന്നുണ്ട്.” കനാൽ പ്ലസിന് നൽകിയ അഭിമുഖത്തിൽ വരാനെ പറഞ്ഞു.

ആധുനിക ഫുട്ബോളിൽ താരങ്ങൾ വളരെയധികം മത്സരം കളിക്കേണ്ടി വരുന്നുവെന്ന പരാതി ഇപ്പോൾ തന്നെ ഉയരുന്നുണ്ട്. യൂറോപ്യൻ സൂപ്പർ ലീഗ് അടക്കമുള്ള ടൂർണമെന്റുകൾക്കെതിരെ താരങ്ങൾ ശക്തമായി രംഗത്തു വന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ പുതിയ ടൂർണമെന്റുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് ഫുട്ബോൾ ഫെഡറേഷനുകൾ. വരാനെയുടെ മുഴുവൻ അഭിമുഖം പുറത്തു വരുന്നതോടെ കൂടുതൽ ചോദ്യങ്ങൾ ഇക്കാര്യത്തിൽ ഉയരുമെന്നുറപ്പാണ്.