മെസി നൽകുന്നതു പോലെയുള്ള പാസുകൾ ഫുട്ബോളിൽ വിരളമാണ്, താരത്തെ പ്രശംസ കൊണ്ടു മൂടി പിഎസ്‌ജി പരിശീലകൻ

എംബാപ്പയും നെയ്‌മറും ഇല്ലാതെയാണ് ടുളൂസസിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിന് കഴിഞ്ഞ ദിവസം പിഎസ്‌ജി ഇറങ്ങിയത്. മുന്നേറ്റനിരയിൽ തനിക്കൊപ്പം കളിക്കുന്ന രണ്ടു താരങ്ങളുമില്ലെങ്കിലും ലയണൽ മെസി മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയം സ്വന്തമാക്കി. മെസി ഒരു ഗോൾ നേടിയതിനു പുറമെ ഏഴ് കീ പാസുകൾ മത്സരത്തിൽ നൽകുകയും ചെയ്‌തു. ലോകകപ്പിന് ശേഷം താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലത്തെ മത്സരത്തിൽ ഉണ്ടായിരുന്നത്.

മത്സരത്തിന് ശേഷം ലയണൽ മെസിയെ പ്രശംസിച്ച് പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ രംഗത്തു വരികയും ചെയ്‌തു. “ലിയോക്ക് വേണ്ടി കളിക്കാനാണ് ഞാൻ ടീമിനോട് ആവശ്യപ്പെട്ടത്. ചില ജോലികളിൽ നിന്നും താരത്തെ സ്വതന്ത്രമാക്കണം. സഹതാരങ്ങൾ കൂടുതൽ അധ്വാനിച്ച് പന്ത് നേടിയെടുത്ത് നീക്കങ്ങൾ ആരംഭിച്ചാൽ മെസിക്ക് ഇതുപോലെയുള്ള പാസുകൾ നൽകാൻ കഴിയും. ഒട്ടും സ്‌പേസ് ഇല്ലാത്തപ്പോൾ നൽകുന്ന അതുപോലെയുള്ള പാസുകൾ സമകാലീന ഫുട്ബോളിൽ വളരെ ദുർലഭമാണ്.”

“ഞാൻ താരങ്ങളെ വിട്ടുകൊടുത്തിരിക്കുകയാണെന്നും താരങ്ങൾ തീരെ അധ്വാനിക്കുന്നില്ലെന്നും പറഞ്ഞാൽ അത് തെറ്റാണ്. നീക്കങ്ങൾ നിർമിച്ചെടുക്കുന്നവർ എനിക്കൊപ്പമുണ്ട്. എംബാപ്പയുടെയും റാമോസിന്റെയും അഭാവത്തിൽ മെസി മത്സരം കയ്യിലെടുത്തു. മെസി സ്വാഭാവികമായൊരു നേതാവാണ്, താരത്തെ സഹായിക്കാൻ വേണ്ടിയാണ് ടീമിനെ അണിനിരത്തിയത്. മത്സരത്തിന് ശേഷം എല്ലാവരുടെയും സംഭാവനയെ ഞാൻ പ്രശംസിച്ചിരുന്നു.” അദ്ദേഹം പറഞ്ഞു.

മെസിക്ക് പുറമെ പ്രതിരോധതാരമായ അഷ്‌റഫ് ഹക്കിമിയുടെ പ്രകടനത്തെയും ഫ്രഞ്ച് പരിശീലകൻ പ്രശംസിച്ചു. മത്സരത്തിൽ ഒരു ഗോൾ നേടിയ താരം മെസി നേടിയ ഗോളിന് അസിസ്റ്റും നൽകിയിരുന്നു. അതിനു പുറമെ എതിരാളികളുടെ ലോ ബ്ലോക്ക് ഫുട്ബോളിനെ തകർക്കാനുള്ള മികച്ച നീക്കങ്ങൾ താരത്തിന്റെയും ടീമിന്റെയും ഭാഗത്തു നിന്നുമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ വിജയം നേടിയതോടെ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്‌ജി.