“മെസിയുടെ കാലിൽ പന്തുള്ളപ്പോൾ എന്ത് ചെയ്യണമെന്നറിയില്ല”- എതിർടീം പരിശീലകൻ പറയുന്നു

ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു ശേഷം ലയണൽ മെസി നടത്തിയ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം ടുളൂസേക്കെതിരെ നടന്നത്. മുന്നേറ്റനിരയിൽ തന്റെ സഹതാരങ്ങളായ എംബാപ്പെ, നെയ്‌മർ എന്നിവർ പരിക്കേറ്റു പുറത്തു പോയതിന്റെ അഭാവം കൃത്യമായി പരിഹരിച്ച് താരം നിറഞ്ഞു നിന്നപ്പോൾ പിഎസ്‌ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം നേടിയത്. അതിൽ ടീമിനെ വിജയത്തിലെത്തിച്ച രണ്ടാമത്തെ ഗോൾ മെസി നേടുകയും ചെയ്‌തു.

ഗോൾ നേടുന്നതിൽ മാത്രമല്ല, ടീമിന്റെ മുഴുവൻ മുന്നേറ്റങ്ങളും മെസിയിലൂടെയാണ് ചലിച്ചു കൊണ്ടിരുന്നത്. ഏഴു കീ പാസുകളാണ് താരം മത്സരത്തിൽ നൽകിയത്. അതിനു പുറമെ ഒരു വമ്പൻ അവസരം സൃഷ്‌ടിച്ച മെസി അവസാന മിനിറ്റുകളിൽ നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഉതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു വന്നില്ലായിരുന്നെങ്കിൽ ടീമിന്റെ ലീഡ് ഉയർന്നേനെ. മത്സരത്തിന് ശേഷം എതിർടീമിന്റെ പരിശീലകനും മെസിയുടെ പ്രകടനത്തെ പ്രശംസിച്ചു.

“മെസിയുടെ കാലിൽ പന്തുള്ളപ്പോൾ എന്താണ് സംഭവിക്കുകയെന്നു ഞങ്ങൾക്കൊരു പിടിയുമില്ലായിരുന്നു. ഇതിഹാസമായ ലയണൽ മെസിയുടെ കാലിൽ പന്തുള്ള സമയത്ത് താരം വളരെയധികം അപകടകാരിയാണ്. എനിക്ക് താരത്തെ വളരെ ഇഷ്‌ടമാണ്, ഒരു താരമെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലുമതെ.” കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ടുളൂസേ പരിശീലകൻ ഫിലിപ്പെ മൊണ്ടാനിയർ പറഞ്ഞു.

മത്സരത്തിൽ ലയണൽ മെസിയെ കേന്ദ്രീകരിച്ചാണ് ടീമിന്റെ മുഴുവൻ കളിയും മുന്നോട്ടു കൊണ്ട് പോയതെന്ന് പരിശീലകൻ ഗാൾട്ടിയാർ പറഞ്ഞിരുന്നു. എംബാപ്പെ, നെയ്‌മർ തുടങ്ങിയ താരങ്ങൾ പരിക്കിന്റെ പിടിയിലായതു കൊണ്ട് പരിശീലകൻ ശൈലിയിൽ മാറ്റം വരുത്തിയത് മെസിയെ മികച്ച പ്രകടനം നടത്താൻ സഹായിച്ചിട്ടുണ്ട്. ഈ രണ്ടു താരങ്ങൾക്കൊപ്പം കളിക്കുമ്പോൾ അവലംബിക്കുന്ന ശൈലിയിൽ ലയണൽ മെസിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നത് താരത്തെ ബാധിക്കുന്നുണ്ട്.