മിന്നുന്ന ഫോമിൽ ബ്രസീലിയൻ താരം, റയൽ മാഡ്രിഡിന്റെ തോൽ‌വി ഊർജ്ജമാക്കി ബാഴ്‌സലോണ നിറഞ്ഞാടി

കഴിഞ്ഞ സീസൺ തിരിച്ചടികളുടേതായിരുന്നെങ്കിലും ഈ സീസണിൽ അതിൽ നിന്നും തിരിച്ചു വരാൻ ലക്ഷ്യമിട്ടു തന്നെയാണ് ബാഴ്‌സലോണ കളിക്കുന്നതെന്ന് വ്യക്തമാണ്. ഇന്നലെ സെവിയ്യക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. റയൽ മാഡ്രിഡ് മയോർക്കയോട് തോൽവി വഴങ്ങിയതിനു പിന്നാലെ നേടിയ വമ്പൻ വിജയം കിരീടപ്പോരാട്ടത്തിൽ ബാഴ്‌സയുടെ നില കൂടുതൽ ഭദ്രമാക്കി.

ഒരുപാട് വിമർശനങ്ങളേറ്റു വാങ്ങിയ ബ്രസീലിയൻ താരം റാഫിന്യയുടെ പ്രകടനം തന്നെയാണ് മികച്ച വിജയം നേടാൻ ബാഴ്‌സലോണയെ സഹായിച്ചത്. താരം ഒരു ഗോൾ നേടിയതിനു പുറമെ ഗാവി നേടിയ ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്‌തു. ഒരു ഗോളും ഒരു അസിസ്റ്റുമായി ലെഫ്റ്റ് ബാക്കായ ജോർദി ആൽബയും മികച്ച പ്രകടനം നടത്തുകയുണ്ടായി. ഒസ്മാനെ ഡെംബലെ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയിൽ സെർജിയോ ബുസ്‌ക്വറ്റ്‌സ് പരിക്കേറ്റു പുറത്തായതിനു ശേഷമാണ് ടീം മൂന്നു ഗോൾ നേടിയത്.

സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണ മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. സാവി പരിശീലകനായതിനു ശേഷമാണ് കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ഒൻപതാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. ഈ സീസണിൽ ലോകകപ്പിന് മുൻപേ തന്നെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന ടീം ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി വർധിപ്പിച്ചിട്ടുണ്ട്.

ഫോമിൽ അല്ലാതിരുന്ന ഫ്രാങ്ക് കെസി പരിക്കേറ്റ ബുസ്‌ക്വറ്റ്‌സിന് പകരമിറങ്ങി മികച്ച പ്രകടനം നടത്തുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തത്‌ ബാഴ്‌സയ്ക്ക് ആശ്വാസമാണ്. എല്ലാ താരങ്ങളുമിപ്പോൾ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ടീമിനായി നടത്തുന്നുണ്ട്. മൊറോക്കൻ കീപ്പർ ബോനോയുടെ സേവുകൾ ഇല്ലായിരുന്നെങ്കിൽ ബാഴ്‌സലോണയുടെ വിജയം കൂടുതൽ മികച്ചതായേനെ. അടുത്ത മത്സരത്തിൽ വിയ്യാറയലാണ് ബാഴ്‌സലോണയുടെ എതിരാളികൾ.