സൂപ്പർതാരം പുറത്ത്, ബാഴ്‌സലോണ താരം അകത്ത്; പിഎസ്‌ജി മാനേജറാകാൻ നിബന്ധനകൾ മുന്നോട്ടു വെച്ച് സിദാൻ

2021ൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം പിന്നീടൊരു ടീമിന്റെയും പരിശീലകനാവാൻ സിദാൻ തയ്യാറായിട്ടില്ല. നിരവധി ക്ലബുകളിൽ നിന്നും ഓഫറുണ്ടായിട്ടും അതെല്ലാം തഴഞ്ഞ് സിദാൻ നിന്നത് ഫ്രാൻസ് ടീമിന്റെ മാനേജരാകാമെന്ന ആഗ്രഹത്തോടെ ആയിരുന്നു. എന്നാൽ ലോകകപ്പ് കഴിഞ്ഞതോടെ നിലവിലെ പരിശീലകനായ ദിദിയർ ദെഷാംപ്‌സിന് പുതിയ കരാർ നൽകുകയാണ് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ചെയ്‌തത്‌. ഇതോടെ സിദാൻ ക്ലബിന്റെ പരിശീലകനായി എത്താനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം സിദാൻ പിഎസ്‌ജിയുടെ പരിശീലകനായി എത്താനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മറിൽ ടീമിന്റെ മാനേജരായി എത്തിയ ക്രിസ്റ്റഫെ ഗാൾട്ടിയറിൽ പിഎസ്‌ജി നേതൃത്വത്തിന് പൂർണമായും താല്പര്യമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും പോയിന്റ് പട്ടികയിൽ അധിപത്യമില്ലെന്നതും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ടീം രണ്ടാം സ്ഥാനത്തേക്ക് വീണുവെന്നതുമാണ് ഗാൾട്ടിയറിൽ താൽപര്യം കുറയാനുള്ള കാരണങ്ങൾ.

അതേസമയം സിദാൻ പരിശീലകനായി എത്തുകയാണെങ്കിൽ നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രസീലിയൻ താരത്തിന് പകരക്കാരനായി ബാഴ്‌സലോണയുടെ ഫ്രഞ്ച് മുന്നേറ്റനിര താരം ഓസ്മാനെ ഡെംബലെയെ പിഎസ്‌ജിയിൽ എത്തിക്കണമെന്നും സിദാൻ ആഗ്രഹിക്കുന്നു. സാവി പരിശീലകനായി എത്തിയതിനു ശേഷം മിന്നുന്ന ഫോമിലാണ് ഡെംബലെ കളിക്കുന്നതെങ്കിലും താരം ക്ലബുമായി പുതിയ കരാർ ഇതുവരെയും ഒപ്പിട്ടിട്ടില്ല.

2024ൽ കരാർ അവസാനിക്കുന്ന താരത്തിന്റെ റിലീസിംഗ് ക്ലോസ് അമ്പതു മില്യൺ മാത്രമാണെന്നതിനാൽ താരത്തെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയുമെന്നാണ് സിദാൻ കരുതുന്നത്. അതേസമയം സിദാൻ പിഎസ്‌ജിയിലെത്തിയാൽ അത് ടീമിന് കൂടുതൽ ദിശാബോധം നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. വമ്പൻ താരങ്ങൾ നിറഞ്ഞ പിഎസ്‌ജി ടീമിനെ കൃത്യമായി നയിക്കാൻ സിദാനെ പോലെയൊരു ഇതിഹാസം കൂടിയേ തീരൂ. റയൽ മാഡ്രിഡിൽ തന്റെ നേതൃപാടവും തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്.