“ഓരോ ഗോളിനും ഓരോ ഡാൻസ് തയ്യാറാക്കിയിട്ടുണ്ട്”- എതിർടീമിനു മുന്നറിയിപ്പുമായി ബ്രസീൽ താരം

മൈതാനത്തെ ഓരോ സന്തോഷവും ആഘോഷമാക്കി മാറ്റുന്ന സ്വഭാവമാണ് ബ്രസീലിയൻ താരങ്ങളുടേത്. അതുകൊണ്ടാണ് അവർ കളിക്കളത്തിൽ നേടുന്ന ഓരോ ഗോളും ആസ്വദിച്ച് അതിനെ ആഘോഷിക്കുന്നത്. ഖത്തർ ലോകകപ്പിനിറങ്ങുന്ന ബ്രസീൽ ടീമും അതിൽ മാറ്റമൊന്നും വരുത്താൻ ഉദ്ദേശിച്ചിട്ടില്ല. ബ്രസീൽ നേടുന്ന ഓരോ ഗോളും ഡാൻസ് സെലിബ്രെഷൻ നടത്തി ആഘോഷിക്കാൻ തന്നെയാണ് താരങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ടീമിലെ മുന്നേറ്റനിര താരമായ റഫിന്യ കഴിഞ്ഞ ദിവസം പറഞ്ഞു.

ഓരോ ഗോളിനും ഓരോ ഡാൻസ് സെലിബ്രെഷൻ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നാണ് റഫിന്യ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. ഒരു ഗോളിന് ഒരെണ്ണം, രണ്ടാമത്തേതിന് മറ്റൊരെണ്ണം എന്നിങ്ങനെ ഒരു മത്സരത്തിൽ പത്ത് ഗോളിന് വരെയുള്ള ഡാൻസ് തയ്യാറാക്കിയിട്ടുണ്ടെന്നും പത്തിൽ കൂടുതൽ ഗോൾ നേടിയാൽ പുതിയത് സൃഷ്‌ടിക്കേണ്ടി വരുമെന്നും താരം പറഞ്ഞു. ബ്രസീലിനു എതിരെ വരുന്ന ടീമുകൾക്ക് പത്ത് ഗോളുകൾ പ്രതീക്ഷിക്കാമെന്ന് ചുരുക്കം.

അതേസമയം ഇന്നത്തെ മത്സരം ബ്രസീലിനു വളരെ എളുപ്പമാക്കാൻ സാധ്യത കുറവാണ്. രാത്രി പന്ത്രണ്ടര മണിക്ക് നടക്കുന്ന മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ കരുത്തരായ പോർചുഗലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെർബിയ ലോകകപ്പിനെത്തിയത്. ഇതേതുടർന്ന് പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാൻ പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ടി വന്നിരുന്നു.