അർജന്റീനയിൽ അഴിച്ചുപണി, പല താരങ്ങളുടെയും സ്ഥാനം തെറിക്കും

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ അപ്രതീക്ഷിത തോൽവി നേരിട്ടത് അർജന്റീനയെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീം ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് സൗദി അവരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ ഇനിയുള്ള രണ്ടു മത്സരങ്ങളിലും വിജയം നേടേണ്ടത് അർജന്റീനയെ സംബന്ധിച്ച് അനിവാര്യമാണ്.

വിജയം നേടേണ്ടത് നിർബന്ധമായതിനാൽ തന്നെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും പരിശീലകൻ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിരോധനിരയാണ് പ്രധാനമായും അഴിച്ചുപണിക്ക് വിധേയമാവുക. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ടോട്ടനം താരം ക്രിസ്റ്റ്യൻ റൊമേറോ മെക്‌സിക്കോക്കെതിരെ ഇറങ്ങാനുള്ള സാധ്യതയില്ല. താരത്തിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസാൻഡ്രോ മാർട്ടിനസ് ആദ്യ ഇലവനിലുണ്ടാകും. ഇതിനു പുറമെ ഫുൾ ബാക്കുകളെയും സ്‌കലോണി മാറ്റിയേക്കും.

റൈറ്റ് ബാക്കിനെ മാറ്റുകയാണെങ്കിൽ മോളിനക്കു പകരം സെവിയ്യ താരം ഗോൺസാലോ മോണ്ടിയാൽ ടീമിലെത്തും. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ടാഗ്ലിയാഫിക്കോക്ക് പകരം അക്യൂനയും ഇടം നേടും. മധ്യനിരയിലെ മാറ്റങ്ങളുണ്ടാകും. അലസാൻഡ്രോ പപ്പു ഗോമസ് അടുത്ത മത്സരം കളിക്കാനുള്ള സാധ്യതയില്ല. അതിനു പകരം എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ എന്നിവരിലൊരാൾ ടീമിലേക്ക് വരും. മുന്നേറ്റനിരയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ല.

അടുത്ത മത്സരത്തിൽ മെക്‌സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. വേഗതയേറിയ ഗെയിം കളിക്കുന്ന മെക്‌സിക്കോ അർജന്റീനക്ക് എന്നും തലവേദന ഉണ്ടാക്കുന്ന ടീം തന്നെയാണ്. ഈ മത്സരത്തിലും വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ലോകകപ്പിൽ നിന്നും പുറത്താകുന്നതിന്റെ വക്കിലാകും അർജന്റീന ടീം.

fpm_start( "true" ); /* ]]> */