സൗദി അറേബ്യക്കെതിരെ അർജന്റീനയുടെ തോൽവിക്ക് കാരണമായത് ഇതെല്ലാമാണ്

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്കാണ് ഇന്ന് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന അർജന്റീന ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അറേബ്യയോട് കീഴടങ്ങി. പത്താം മിനുട്ടിൽ തന്നെ അർജന്റീന ലയണൽ മെസിയുടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ അഞ്ചു മിനുറ്റിനിടെ രണ്ടു ഗോളുകൾ വഴങ്ങിയാണ് അർജന്റീന നിരാശപ്പെടുത്തുന്ന തോൽവി വഴങ്ങിയത്.

സൗദി അറേബ്യയെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി കൃത്യമായി പഠിച്ചില്ലെന്നാണ് കരുതേണ്ടത്. ടൂർണമെന്റ് ആരംഭിക്കാനുള്ള അവസാന ദിവസങ്ങൾ വരെയും ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാതിരുന്ന പപ്പു ഗോമസ്, ക്രിസ്റ്റ്യൻ റോമെറോ എന്നിവരെ ആദ്യ ഇലവനിൽ ഇറക്കാനുള്ള സ്‌കലോണിയുടെ തീരുമാനം തിരിച്ചടി നൽകിയെന്നു തന്നെ പറയേണ്ടതാണ്. ഈ രണ്ടു താരങ്ങളെയും രണ്ടു ഗോൾ വഴങ്ങിയപ്പോൾ തന്നെ സ്‌കലോണി പിൻവലിക്കുകയും ചെയ്‌തിരുന്നു.

സൗദി ആരാധകർക്ക് മേധാവിത്വമുണ്ടായിരുന്ന സ്റ്റേഡിയത്തിൽ അവരെ കായികമായ പോരാട്ടത്തെ മറികടക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല. മുഴുവൻ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്ത താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഇതിൽ തിരിച്ചടി നൽകിയത്. കളിക്കളത്തിൽ എല്ലാം നൽകുന്നതിന് പകരം ഇനിയുള്ള മത്സരങ്ങൾ ലക്‌ഷ്യം വെച്ച് സേഫ് സോണിൽ നിന്നുകൊണ്ടുള്ള കളിയാണ് ലയണൽ മെസിയടക്കമുള്ള അർജന്റീന താരങ്ങൾ നടത്തിയത്.

അതേസമയം സൗദി അറേബ്യ നേരെ തിരിച്ചായിരുന്നു. സ്വന്തം ജീവൻ വരെ കളിക്കളത്തിൽ നൽകാൻ കഴിയുമെന്നത്രയും ആത്മാർഥത അവരുടെ കളിയിലുണ്ടായിരുന്നു. ഒരു തരത്തിലും എതിരാളികളുമായുള്ള പോരാട്ടത്തിന് അവർ ഭയന്നിരുന്നില്ല. കൃത്യമായ ടാക്കിളുകൾ ആദ്യ പകുതിയിൽ തന്നെ അർജന്റീനയുടെ ആത്മവിശ്വാസം നശിപ്പിച്ചുവെന്ന കാര്യത്തിൽ സംശയമില്ല.

അർജന്റീനയെയും പരിശീലകനെയും സംബന്ധിച്ച് ഈ തോൽവി ഒരു തിരിച്ചറിവിനുള്ള സമയം നൽകും. ഒരു ടീമിനെയും നിസാരമായി കാണരുതെന്നും ലോകകപ്പ് പോലെയുള്ള വേദികളിൽ മുഴുവൻ ഫിറ്റ്നസ് ഉറപ്പുള്ള താരങ്ങളെ മാത്രമേ കളിപ്പിക്കാൻ കഴിയൂവെന്നും ഇതോടെ അദ്ദേഹത്തിന് മനസിലായിരിക്കാൻ സാധ്യതയുണ്ട്. അതിൽ നിന്നും ടീമിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഈ ലോകകപ്പിൽ അർജന്റീന കൂടുതൽ തിരിച്ചടി നേരിട്ടേക്കാം.

fpm_start( "true" ); /* ]]> */