വമ്പൻ ജയങ്ങളും തിരിച്ചുവരവുകളും, ഫുട്ബോൾ ലോകത്ത് ഗോൾമഴ പെയ്‌ത രാവ്

ഫുട്ബോൾ ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ രാത്രിയായിരുന്നു ഇന്നലത്തേത്. ഇന്നലെ നടന്ന പ്രധാന പോരാട്ടങ്ങളെല്ലാം ആവേശകരമായാണ് അവസാനിച്ചത്. സൗദിയിൽ റൊണാൾഡോയുടെ ആദ്യത്തെ മത്സരത്തിൽ റിയാദ് ഇലവൻ പിഎസ്‌ജിയോട് തോറ്റെങ്കിലും രണ്ടു ഗോളുകൾ നേടി അരങ്ങേറ്റം മികച്ചതാക്കാൻ പോർച്ചുഗൽ താരത്തിന് കഴിഞ്ഞു. മെസി, എംബാപ്പെ, റാമോസ് തുടങ്ങിയ താരങ്ങളെല്ലാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്‌ജി വിജയം നേടിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നും ഗംഭീര തിരിച്ചുവരവാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. ആദ്യപകുതിയിൽ രണ്ടു ഗോളിന് പിന്നിലായിരുന്നു അവർ രണ്ടാം പകുതിയിൽ നാല് ഗോളുകളാണ് അടിച്ചു കൂട്ടിയത്. റിയാദ് മഹ്റാസ് രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ ഹൂലിയൻ അൽവാരസ്, ഏർലിങ് ഹാലാൻഡ് എന്നിവരാണ് മറ്റു ഗോളുകൾ കുറിച്ചത്. ടോട്ടനത്തിന്റെ ഗോളുകൾ കുലുസേവ്സ്‌കി, എമേഴ്‌സൺ റോയൽ എന്നിവരുടെ വകയായിരുന്നു.

സ്പെയിനിൽ നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ റയൽ മാഡ്രിഡും സമാനമായ തിരിച്ചു വരവാണ് നടത്തിയത്. ആദ്യപകുതിയിൽ ഏറ്റിയെന്നെ കാപൂ, സാമുവൽ ചുക്വുസേ എന്നിവർ നേടിയ ഗോളിൽ വിയ്യാറയൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് തിരിച്ചടിച്ചു. വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, ഡാനി സെബയോസ് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ സെബയോസ് ഒരു അസിസ്റ്റും സ്വന്തമാക്കി.

മറ്റൊരു മത്സരത്തിൽ എഡി കുയേറ്റയെന്ന ക്ലബ്ബിനെ ബാഴ്‌സലോണ ഗോൾമഴയിൽ മുക്കുകയുണ്ടായി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. റോബർട്ട് ലെവൻഡോസ്‌കി രണ്ടു ഗോളുകൾ നേടിയപ്പോൾ റാഫിന്യ, അൻസു ഫാറ്റി, ഫ്രാങ്ക് കെസി എന്നീ താരങ്ങളാണ് മറ്റു ഗോളുകൾ നേടിയത്. വിജയത്തോടെ ബാഴ്‌സലോണയും റയൽ മാഡ്രിഡും കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.