ആൻസലോട്ടിക്ക് പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിലും ക്ലബിന് നേട്ടങ്ങൾ സമ്മാനിച്ച് ചരിത്രം കുറിച്ച പരിശീലകനാണ് കാർലോ ആൻസലോട്ടി. എന്നാൽ ഈ സീസണിൽ കഴിഞ്ഞ സീസണിലേതു പോലെയുള്ള ഫോം നിലനിർത്താൻ റയൽ മാഡ്രിഡിന് കഴിയുന്നില്ല. സ്‌പാനിഷ്‌ സൂപ്പർകപ്പ് നഷ്‌ടമായ ടീം ലീഗിൽ ബാഴ്‌സലോണക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനലിൽ ബാഴ്‌സക്കു മുന്നിൽ നിഷ്പ്രഭമായത് ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്.

ആൻസലോട്ടിക്ക് പകരക്കാരനെ കുറിച്ച് റയൽ മാഡ്രിഡ് ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സീസണിൽ ആൻസലോട്ടിക്ക് റയൽ മാഡ്രിഡിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനുള്ള അവസരമുള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ മാറ്റങ്ങൾ വരുമെങ്കിലും ആരാകണം ടീമിന്റെ അടുത്ത പരിശീലകനെന്ന കാര്യത്തിൽ റയലിനു കൃത്യതയുണ്ട്. ആൻസലോട്ടിയുടെ മകനായ ഡേവിഡ് ആൻസലോട്ടി, മുൻ ചെൽസി പരിശീലകൻ ടുഷെൽ എന്നിവരുടെ പേര് ഉയർന്നു വരുന്നുണ്ടെങ്കിലും റയലിന്റെ ലക്‌ഷ്യം അവരൊന്നുമല്ല.

റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെയും മുൻ താരമായ സാബി അലോൻസോ ആൻസലോട്ടിക്ക് പകരക്കാരനായി എത്തിക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. നിലവിൽ ബുണ്ടസ്‌ലീഗ ക്ലബായ ബയേർ ലെവർകൂസൻറെ പരിശീലകനാണ് അലോൻസോ. ടീമിനെ ഭേദപ്പെട്ട പ്രകടനത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ അവരുടെ പ്രകടനം നിരാശയുണ്ടാക്കി. അത്ലറ്റികോ മാഡ്രിഡിനൊപ്പം അവർ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായി.

സാബി അലോൻസോയെ നിയമിക്കുമ്പോൾ സിദാനു ടീമിന്റെ പരിശീലകവേഷം നൽകിയതു പോലെയൊരു നീക്കമാണ് റയാൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്. സീനിയർ ടീമിന്റെ പരിശീലകനായി ഒരു പരിചയവും ഇല്ലാതെയാണ് സിദാൻ റയൽ മാഡ്രിഡ് മാനേജറായതെങ്കിലും അവിസ്‌മരണീയമായ നേട്ടങ്ങൾ അദ്ദേഹം നേടിക്കൊടുത്തു. റയൽ മാഡ്രിഡ് ടീമിനൊപ്പം രണ്ടു തവണ പരിശീലകനായപ്പോഴും ടീമിനെക്കൊണ്ട് മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.