2026 ലോകകപ്പ് വരെ മെസി അർജനീന ടീമിനൊപ്പമുണ്ടാകും

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ ഇടം പിടിച്ചതിനു ശേഷം ലയണൽ മെസി പറഞ്ഞത് ഫൈനലിൽ വിജയം നേടിയാലും ഇല്ലെങ്കിലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആകുമെന്നാണ്. ഇപ്പോൾ മുപ്പത്തിയഞ്ചു വയസുള്ള മെസിക്ക് മൂന്നര വർഷത്തിനു ശേഷം നടക്കുന്ന അടുത്ത ലോകകപ്പിൽ ഇതേ ഫോം നിലനിർത്തി കളിക്കാൻ കഴിയുമോയെന്ന സംശയം കൊണ്ടായിരിക്കാം അങ്ങിനെ പറഞ്ഞത്.

എന്നാൽ ലോകകപ്പിൽ വിജയം നേടിയതിനു ശേഷം മെസി തന്റെ തീരുമാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നാണ് കരുതേണ്ടത്. ലോകകപ്പിനു ശേഷം മെസി ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ലോകകപ്പ് ജേതാവായി ഇനിയും അർജന്റീനയ്ക്ക് വേണ്ടി കളിക്കണമെന്നാണ് ടൂർണമെന്റ് വിജയത്തിനു പിന്നാലെ മെസി പറഞ്ഞത്. ഇപ്പോൾ ഇനിയൊരു ലോകകപ്പ് കൂടി കളിക്കണമെന്ന ലക്ഷ്യവും മെസിക്ക് മുന്നിലുണ്ട്.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം 2024 ലോകകപ്പ് വരെ അർജന്റീന ടീമിനൊപ്പം എന്തായാലും മെസി തുടരും. ഇതിനു പുറമെ 2026ലെ ലോകകപ്പ് കളിക്കണമെന്ന ആഗ്രഹവും മെസിക്ക് മുന്നിലുണ്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അടുത്ത ലോകകപ്പിലും മെസിയുണ്ടാകും. അതുവരെ യൂറോപ്പിലെ ഏതെങ്കിലും മികച്ച ക്ലബിൽ തുടർന്ന് മികച്ച പ്രകടനം നടത്തി മുന്നോട്ടു പോവുകയെന്ന ലക്ഷ്യമാണ് മെസിയുടേത്.

അടുത്ത ലോകകപ്പ് കളിക്കില്ലെന്ന ലയണൽ മെസിയുടെ തീരുമാനത്തെ അർജന്റീന ടീമിലെ താരങ്ങളും പരിശീലകൻ ലയണൽ സ്‌കലോണിയും സ്വാഗതം ചെയ്‌തിട്ടില്ല. അടുത്ത ലോകകപ്പിലും മെസിക്ക് ടീമിനൊപ്പം തുടരണമെന്നാണ് സ്‌കലോണി പറഞ്ഞത്. അർജന്റീനയുടെ വാതിലുകൾ മെസിക്ക് മുന്നിൽ തുറന്നു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ അഭിപ്രായം തന്നെയാണ് ടീമിലെ താരങ്ങളും നടത്തിയത്. ഫിറ്റ്നസും ഫോമുമുണ്ടെങ്കിൽ മെസി അടുത്ത ലോകകപ്പും കളിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.