മെസിക്ക് ലഭിക്കുന്ന പ്രതിഫലം അസ്വസ്ഥനാക്കി, റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിന്റെ കാരണമിതാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല. തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം റൊണാൾഡോ അറിയിക്കുന്നത്. അതിനു പിന്നാലെ യുവന്റസിലേക്ക് താരം ചേക്കേറുകയും ചെയ്‌തു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വേണ്ടിയാണ് റൊണാൾഡോ ഇറ്റലിയിൽ എത്തിയതെന്നാണ് ഏവരും കരുതിയതെങ്കിലും യഥാർത്ഥ കാരണം അതല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ബാഴ്‌സലോണയിൽ ലയണൽ മെസിക്ക് ലഭിക്കുന്ന കനത്ത പ്രതിഫലത്തിന്റെ കാര്യത്തിൽ റൊണാൾഡോ അസ്വസ്ഥനായിരുന്നു എന്നാണു സ്‌പാനിഷ്‌ മാധ്യമമായ എൽ മുണ്ടോയുടെ റിപ്പോർട്ടുകൾ പറയുന്നത്. ഒരിക്കൽ തന്റെ ഏജന്റായ ജോർജ് മെൻഡസിനോട് ഇതേക്കുറിച്ച് അന്വേഷിക്കാൻ റൊണാൾഡോ പറയുകയും ചെയ്‌തു. അന്നത്തെ ബാഴ്‌സ പ്രസിഡന്റായിരുന്ന ബാർട്ടമൂവിനോട് ഇതെപ്പറ്റി മെൻഡസ് അന്വേഷിച്ചപ്പോൾ റൊണാൾഡോക്ക് റയൽ മാഡ്രിഡ് നൽകുന്നതിന്റെ ഇരട്ടിയോളം മെസിക്ക് നൽകുന്നുണ്ടെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിടുന്നത്. ഏജന്റായ ജോർജ് മെൻഡസിന് റൊണാൾഡോ റയൽ മാഡ്രിഡ് വിടുന്നതിൽ യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് നേടി നിൽക്കുന്ന സമയത്താണ് റൊണാൾഡോ റയൽ വിടാനുള്ള തീരുമാനമെടുക്കുന്നത്. നൂറു മില്യൺ യൂറോ നൽകി ഇറ്റാലിയൻ ക്ലബായ യുവന്റസ് താരത്തെ സ്വന്തമാക്കുകയും ചെയ്‌തു. റയൽ മാഡ്രിഡിൽ ലഭിച്ചിരുന്നതിനേക്കാൾ പ്രതിഫലമാണ് റൊണാൾഡോക്ക് യുവന്റസിൽ ലഭിച്ചത്.

റയൽ മാഡ്രിഡ് വിടാൻ റൊണാൾഡോ എടുത്ത തീരുമാനം താരത്തിന്റെ കരിയറിലെ തന്നെ വലിയ വീഴ്‌ചയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിൽ നിൽക്കുമ്പോഴാണ് താരം സ്പെയിനിൽ നിന്നും പോകുന്നത്. അതിനു ശേഷം താരത്തിന്റെ കരിയർ കീഴോട്ടു പോയി. ഇറ്റലിയിൽ കിരീടങ്ങൾ സ്വന്തമാക്കിയെങ്കിലും റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന ആധിപത്യം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ല. റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം റൊണാൾഡോ പിന്നീട് നിരവധി തവണ പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.