വിനീഷ്യസിന്റെ ബുള്ളറ്റ് ഷോട്ടിനു ഡി ബ്രൂയ്‌ന്റെ വെടിച്ചില്ലു മറുപടി, റയലും സിറ്റിയും തുല്യരായി പിരിഞ്ഞു | UCL

സാന്റിയാഗോ ബെർണബുവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമുകളും ഒരുപോലെ പൊരുതിയ മത്സരത്തിൽ ഓരോ ഗോൾ വീതം നേടിയാണ് രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരം വളരെ നിർണായകമായി. മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യത്തെയും റയൽ മാഡ്രിഡിന് പതിനഞ്ചാമത്തേയും കിരീടം നേടാൻ കഴിയുമോയെന്ന് ആ മത്സരം വിധിയെഴുതും.

മത്സരത്തിനു മുൻപേ കടലാസിൽ മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു മുൻതൂക്കമെങ്കിലും റയൽ മാഡ്രിഡാണ് ആദ്യഗോൾ നേടിയത്. ഒരു പ്രത്യാക്രമണത്തിൽ മൈതാനത്തിന്റെ ബഹുഭൂരിഭാഗവും ഓടിയതിനു ശേഷം എഡ്വാർഡോ കമവിങ്ങ നൽകിയ പാസ് സ്വീകരിച്ചതിനു ശേഷം വിനീഷ്യസ് ജൂനിയർ ബോക്‌സിന് പുറത്തു നിന്നും എടുത്ത ബുള്ളറ്റ് ഷോട്ട് മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകിയില്ല. നിർണായക മത്സരങ്ങളിൽ ടീമിന് മുതൽക്കൂട്ടാണെന്ന് വിനീഷ്യസ് വീണ്ടും തെളിയിച്ചു.

ആദ്യപകുതി റയൽ മാഡ്രിഡ് ലീഡ് ചെയ്‌ത്‌ പൂർത്തിയായെങ്കിലും രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി തിരിച്ചടിച്ചു. അറുപത്തിയേഴാം മിനുട്ടിലാണ് ഗോൾ പിറന്നത്. ഒരു പ്രത്യാക്രമണം നടത്താൻ വേണ്ടിയുള്ള റയൽ മാഡ്രിഡിന്റെ ശ്രമം തടഞ്ഞതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഇൽകെയ് ഗുണ്ടോഗൻ നൽകിയ പാസ് ബോക്‌സിന് പുറത്തു നിന്നും വാങ്ങിയ ഡി ബ്രൂയ്ൻ അതൊരു കരുത്തുറ്റ ഗ്രൗണ്ടർ ഷോട്ടിലൂടെ വലയുടെ മൂലയിലേക്കെത്തിച്ചു. ഗോൾകീപ്പർക്ക് യാതൊരു അവസരവും ഉണ്ടായിരുന്നില്ല.

എല്ലാവരും മാഞ്ചസ്റ്റർ സിറ്റിക്ക് കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ നിർണായകമായ മത്സരങ്ങൾ എങ്ങിനെ കളിക്കണമെന്ന് തങ്ങൾക്ക് കൃത്യമായ ധാരണയുണ്ടെന്നു റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് വ്യക്തമാക്കി. ആരാധകരുടെ നിറഞ്ഞ പിന്തുണയും അവർക്ക് ശക്തി പകർന്നു. അടുത്ത മത്സരം മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്താണെന്നത് റയലിനൊരു ഭീഷണിയല്ല, എതിരാളിയുടെ മൈതാനത്ത് കൂടുതൽ ശക്തി കാണിക്കാൻ അവർക്ക് കഴിയുകയും ചെയ്യും.

Real Madrid Manchester City Held Draw In UCL Semi Final