കേനിനെ വേണമെന്ന ആൻസലോട്ടിയുടെ ആവശ്യം നിരസിച്ചു, ബെൻസിമയുടെ പകരക്കാരനു വേണ്ടി അപ്രതീക്ഷിത നീക്കവുമായി റയൽ മാഡ്രിഡ് | Real Madrid

കരിം ബെൻസിമ ഈ സീസണിനു ശേഷം റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. സൗദിയിൽ നിന്നുള്ള വമ്പൻ ഓഫർ സ്വീകരിക്കാൻ താരത്തിന് താൽപര്യമുണ്ടെന്നാണ് റയൽ മാഡ്രിഡ് നേതൃത്വം കരുതുന്നത്. താരം ഒരു സീസൺ കൂടി ക്ലബിനൊപ്പം തുടരുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നെങ്കിലും ബെൻസിമക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചിട്ടുണ്ട്.

ബെൻസിമക്ക് പകരക്കാരനായി ടീമിലെത്തിക്കാൻ കാർലോ ആൻസലോട്ടി ആവശ്യപ്പെട്ടത് ടോട്ടനം ഹോസ്‌പർ താരമായ ഹാരി കേനിനെയാണ്. ഒരു വർഷം കൂടി കരാറിൽ ബാക്കിയുള്ള താരത്തെ ടീമിലെത്തിക്കുക റയലിനെ സംബന്ധിച്ച് എളുപ്പമായിരിക്കും. എന്നാൽ ആൻസലോട്ടിയുടെ ആവശ്യം തള്ളിയ റയൽ മാഡ്രിഡ് ഇപ്പോൾ പരിഗണിക്കുന്നത്. ചെൽസിയുടെ ജർമൻ സ്‌ട്രൈക്കറായ കായ് ഹാവെർട്സിനെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റയൽ മാഡ്രിഡ് ആരാധകരെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമാണ് ഈ നീക്കം. ചെൽസി തന്നെ ജർമൻ താരത്തിന് പകരം മറ്റൊരു മികച്ച സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോഴാണ് റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തുന്നത്. ജർമൻ താരത്തെ വിട്ടുകൊടുക്കാൻ ചെൽസിക്ക് സമ്മതവുമാണെങ്കിലും ഫീസ് അടക്കമുള്ള കാര്യങ്ങളിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്താനുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു.

റയൽ മാഡ്രിഡ് ആരാധകർക്ക് ഈ ട്രാൻസ്‌ഫറിൽ തൃപ്‌തിയുണ്ടാകില്ലെങ്കിലും ക്ലബിന്റെ പദ്ധതികൾ ഭാവി മുന്നിൽ കണ്ടു കൊണ്ടുള്ളതാണ്. അടുത്ത സീസണിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് വരാനുള്ള സാധ്യത കൂടുതലായതിനാൽ ഒരു പ്രോപ്പർ സ്‌ട്രൈക്കറെക്കാൾ ഫ്രഞ്ച് താരത്തിന് സ്‌പേസുകൾ ഒരുക്കി കൊടുക്കാൻ കൂടി കഴിയുന്ന ഒരു കളിക്കാരനെ ടീമിലെത്തിക്കാനാവും റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്.

Real Madrid Want Chelsea Striker Kai Havertz