“നിങ്ങൾ ലോകകപ്പിൽ എത്ര ഗോളുകൾ നേടിയിട്ടുണ്ട്”- കളിയാക്കിയവർക്ക് റിച്ചാർലിസണിന്റെ മറുപടി | Richarlison

എവർട്ടണിൽ നിന്നും ടോട്ടനം ഹോസ്‌പറിൽ എത്തിയതിനു ശേഷം മോശം ഫോമിലാണ് ബ്രസീലിയൻ താരമായ റിച്ചാർലിസൺ. ഈ സീസണിൽ ഇരുപത്തിയേഴു മത്സരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ച താരത്തിന് ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ലിവർപൂളിനെതിരെ നടന്ന മത്സരത്തിലായിരുന്നു ആ ഗോൾ പിറന്നത്. അതിനു ശേഷം ബ്രസീലിയൻ താരം വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയും ചെയ്‌തു.

ലിവർപൂളിനെതിരെ എക്‌സ്ട്രാ ടൈമിലാണ് റിച്ചാർലിസൺ ടീമിന്റെ സമനില ഗോൾ നേടിയത്. അതിനു പിന്നാലെ തന്റെ ജേഴ്‌സിയൂരി താരം വിപുലമായ രീതിയിൽ ഗോളാഘോഷം നടത്തുകയും ചെയ്‌തു. എന്നാൽ അതിനു പിന്നാലെ ടോട്ടനത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കി ലിവർപൂൾ വിജയഗോൾ നേടുകയാണുണ്ടായത്. ഇതിന്റെ പേരിലാണ് റിച്ചാർലിസൺ ട്രോളുകൾക്ക് വിധേയനായത്.

കഴിഞ്ഞ ദിവസം ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ ന്യൂകാസിൽ യുണൈറ്റഡ് താരമായ കല്ലം വിൽസണും വെസ്റ്റ്ഹാം യുണൈറ്റഡ് താരമായ മൈക്കൽ അന്റോണിയോയും റിച്ചാർലിസണെ വീണ്ടും കളിയാക്കുകയുണ്ടായി. ബ്രസീലിയൻ താരം നാല് ഗോൾ നേടിയെങ്കിലും മൂന്നു തവണയും അത് ഓഫ്‌സൈഡ് ആയിരുന്നുവെന്നും ജേഴ്‌സി ഊരിയതിനു മൂന്നു യെല്ലോ കാർഡ് ലഭിച്ചുവെന്നും പറഞ്ഞാണ് താരങ്ങൾ കളിയാക്കിയത്.

ഇംഗ്ലണ്ട്, ജമൈക്കൻ താരങ്ങളുടെ ഈ കളിയാക്കലിന്റെ ക്ലിപ്പ് ടിക്‌ടോകിൽ വന്നതിനു പിന്നാലെ അവർക്ക് മറുപടിയുമായി ബ്രസീലിയൻ സ്‌ട്രൈക്കർ രംഗത്തെത്തി. ഇതിന്റെ വീഡിയോ ക്ലിപ്പിനു താഴെ താരം മറുപടിയായിട്ട കമന്റ് “ഈ താരങ്ങൾ ലോകകപ്പിൽ എത്ര ഗോൾ നേടിയെന്നായിരുന്നു”. ലോകകപ്പിൽ വിൽസൺ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി മാത്രം ഇറങ്ങിയപ്പോൾ അന്റോണിയോയുടെ ജമൈക്ക യോഗ്യത പോലും നേടിയിരുന്നില്ല.

അതേസമയം ലോകകപ്പിൽ ബ്രസീൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്നു റിച്ചാർലിസൺ. നാല് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ താരം നേടുകയും ചെയ്‌തു. അതിലൊരു ഗോൾ സെർബിയക്കെതിരെ നേടിയ കിടിലൻ അക്രോബാറ്റിക് ഗോളായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളായി അത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു.

Richarlison Jibes At Callum Wilson And Michail Antonio