അർജന്റീനയുടെ ആശങ്കകളൊഴിയുന്നു, രണ്ടു താരങ്ങൾ കൂടി ടീമിനൊപ്പം ചേരും
ഖത്തർ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി ഇറങ്ങാൻ തയ്യാറെടുക്കുകയാണ് അർജന്റീന ദേശീയ ടീം. ആദ്യം ഹോണ്ടുറാസിനെതിരെയും അതിനു ശേഷം ജമൈക്കക്ക് എതിരേയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ഇംഗ്ലണ്ടിലുള്ള പ്രതിസന്ധികളുടെ ഭാഗമായി പ്രീമിയർ ലീഗിൽ കളിക്കുന്ന രണ്ട് അർജന്റീന താരങ്ങൾക്ക് ടീമിനൊപ്പം ചേരാൻ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസ്, ടോട്ടനം ഹോസ്പർ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേരോ എന്നിവർക്കാണ് വിസ പ്രശ്നങ്ങൾ മൂലം അർജന്റീന ക്യാംപിൽ ഇതുവരെയും എത്താൻ കഴിയാതിരിക്കുന്നത്. എന്നാൽ രണ്ടു താരങ്ങളും അടുത്തു തന്നെ ടീമിനൊപ്പം ചേരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ടു കളിക്കാരും അർജന്റീനയുടെ പ്രധാന താരങ്ങളായതിനാൽ തന്നെ ആരാധകർക്കും ടീമിനും ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.
അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ട്സിന്റെ ഗാസ്റ്റൻ എഡുൽ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയുടെ രണ്ടു മത്സരങ്ങൾക്കുമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസിനു ലഭിച്ചിട്ടുണ്ട്. ക്രിസ്റ്റ്യൻ റൊമേരോക്ക് വിസ ഉടനെ തന്നെ ലഭിക്കുമെന്നും താരം നാളെ അമേരിക്കയിലേക്ക് യാത്ര ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവിൽ ഇവർ രണ്ടു പേരും അർജന്റീനയുടെ U17 ടീമിനൊപ്പം പരിശീലനം നടത്തുകയാണ്.
Correction on Visa issues: Lisandro Martínez received his visa to travel to the United States for Argentina's two games. Cristian Romero set to receive it and fly out tomorrow. This via @gastonedul. 🇦🇷 pic.twitter.com/xHtL7kfVaQ
— Roy Nemer (@RoyNemer) September 22, 2022
ഇരുവരും എത്രയും വേഗത്തിൽ അർജന്റീന ടീമിനൊപ്പം ചേർന്നാലും ഹോണ്ടുറാസിനെതിരെ നടക്കുന്ന ആദ്യത്തെ സൗഹൃദ മത്സരത്തിൽ ഫസ്റ്റ് ഇലവനിൽ ഇടം നേടാൻ കഴിയുമോയെന്ന കാര്യം സംശയമാണ്. ടീമിലെ പ്രധാന സെന്റർ ബാക്കായ റൊമേരോക്ക് പകരം പെസ്സല്ലോയായിരിക്കും ആദ്യ ഇലവനിൽ ഇറങ്ങുന്നത്. സെപ്തംബർ 24, ശനിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അർജന്റീനയും ഹോണ്ടുറാസും ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടുന്നത്.
അർജന്റീനയെ സംബന്ധിച്ച് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിനും മുപ്പത്തിമൂന്നു മത്സരങ്ങളാണ് തുടരുന്ന അപരാജിത കുതിപ്പ് തുടരുന്നതിനുമാണ് ഈ മത്സരങ്ങൾ വഴി ലക്ഷ്യമിടുന്നത്. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസിയിൽ തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷ. അർജന്റീനക്കു വേണ്ടി അവസാനം കളിച്ച മത്സരത്തിൽ മെസി അഞ്ചു ഗോളുകൾ നേടിയിരുന്നു.