ടീമിന് ആവശ്യമുള്ളപ്പോൾ അവതരിക്കുന്ന അമാനുഷികൻ, അൽ നസ്‌റിനെ പുറത്താകലിൽ നിന്നും രക്ഷിച്ച് റൊണാൾഡോ | Ronaldo

ടീമിന് ഏറ്റവുമധികം ആവശ്യമുള്ള സമയത്തെല്ലാം മികച്ച ഗോളുകളുമായി അവതരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ അതിന്റെ പേരിൽത്തന്നെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. കളിച്ച ക്ലബുകളിലെല്ലാം പല മത്സരങ്ങളിലും റൊണാൾഡോ തന്റെയീ മികവ് കാണിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിലുണ്ടായിരുന്നപ്പോൾ യുവന്റസിനെതിരെ നേടിയ ഗോളും യുവന്റസിലുള്ളപ്പോൾ അത്ലറ്റികോ മാഡ്രിഡിനെതിരെ നേടിയ ഹാട്രിക്കുമൊന്നും ആരാധകർക്ക് മറക്കാൻ കഴിയില്ല.

കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനൊപ്പം കളിക്കുമ്പോഴും ടീമിന്റെ രക്ഷകനായി റൊണാൾഡോ മാറുന്ന കാഴ്‌ചയാണ്‌ കണ്ടത്. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഈജിപ്ഷ്യൻ ക്ലബായ സമലക്കുമായുള്ള മത്സരത്തിൽ തോൽവി വഴങ്ങി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമെന്ന അവസ്ഥയിൽ നിന്നിരുന്ന അൽ നസ്‌റിനെ എൺപത്തിയേഴാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളാണ് അടുത്ത റൗണ്ടിലേക്ക് എത്തിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ അഹ്മദ് സയ്യദ് നേടിയ ഗോളിൽ സമലക്ക് ആണ് മുന്നിലെത്തിയത്. അവർ മുന്നിലെത്തിയപ്പോൾ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് വീണ അൽ നസ്ർ പുറത്താകലിനെ മുന്നിൽ കണ്ട നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എണ്പത്തിയേഴാം മിനുട്ടിൽ ഗിസ്‌ലൈൻ കോനൻ നടത്തിയ മനോഹരമായ നീക്കത്തിനു ശേഷം ബോക്‌സിലേക്ക് നൽകിയ ക്രോസ് ഒരു ക്ളോസ് റേഞ്ച് ഹെഡറിലൂടെ വലയിലെത്തിച്ച് റൊണാൾഡോ സമനില ഗോൾ നേടുകയായിരുന്നു.

സമനില നേടിയതോടെ സമലക്കിനെ പോയിന്റ് ടേബിളിൽ അൽ നസ്ർ മറികടന്നു. രണ്ടാമതുള്ള അൽ നസ്റിന് അഞ്ചു പോയിന്റും മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഈജിപ്ഷ്യൻ ക്ലബിന് നാല് പോയിന്റുമാണ്. ഏഴു പോയിന്റ് നേടിയ അൽ ഷാബാബാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇതോടെ ചാമ്പ്യൻഷിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയ അൽ നസ്‌റിനൊപ്പം സൗദിയിൽ ആദ്യത്തെ കിരീടം നേടാൻ റൊണാൾഡോക്ക് അവസരമുണ്ട്.

Cristiano Ronaldo 87th Minute Winning Goal