ആ വാർത്തകൾ നുണക്കഥ, ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് റൊണാൾഡോ ഹോട്ടൽ വിട്ടു നൽകിയിട്ടില്ല | Ronaldo

കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ കനത്ത ഭൂകമ്പം നാശം വിതച്ചത്. ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന നോർത്ത് ആഫ്രിക്കൻ രാജ്യത്ത് ആയിരത്തിലധികം പേർ ഭൂമികുലുക്കത്തിൽ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തി ചരിത്രം കുറിച്ച രാജ്യമിപ്പോൾ ഈ ദുരന്തത്തിന്റെ നടുക്കത്തിലാണുള്ളത്.

അതിനിടയിൽ പോർച്ചുഗൽ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ദുരിതമേഖലയിലെ പ്രവർത്തനങ്ങൾക്കു വേണ്ടി തന്റെ ഹോട്ടൽ വിട്ടു നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. യൂറോപ്പിലും മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലുമായി നിരവധി ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിൽ മൊറോക്കോയിലെ മാറാക്കേഷ് എന്ന സ്ഥലത്തുള്ള ഹോട്ടൽ ദുരിതം ബാധിച്ചവരെ സഹായിക്കാൻ വേണ്ടി റൊണാൾഡോ വിട്ടുകൊടുത്തുവെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നത്.

എന്നാൽ ഈ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ റൊണാൾഡോയുടെ ഹോട്ടൽ ശൃംഖല തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്. തങ്ങൾ ഹോട്ടലിൽ ഭൂകമ്പ ദുരിതബാധിതരായ ആളുകളെ താമസിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകിയിട്ടില്ലെന്നാണ് അവർ പറയുന്നത്. അതേസമയം ഭൂകമ്പത്തിൽ ഹോട്ടലിനു കുഴപ്പമൊന്നും പറ്റിയിട്ടില്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നവർക്ക് ഷെൽട്ടറായി ഹോട്ടൽ നൽകാൻ പല ഭാഗത്തു നിന്നും ആവശ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.

റൊണാൾഡോയുടെ ഹോട്ടൽ ദുരിതാശ്വാസത്തിനു വിട്ടു നൽകിയെന്ന വാർത്ത മൊറോക്കോയിൽ എത്തിയ ടൂറിസ്റ്റുകൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിന്നും വന്നതാണെന്നാണ് അനുമാനിക്കാൻ കഴിയുന്നത്. ആഡംബര ഹോട്ടലുകൾ അടക്കം ദുരിതം അനുഭവിക്കുന്നവർക്കുള്ള ഷെൽട്ടറുകൾ ആയി മാറ്റിയെന്ന് പല ടൂറിസ്റ്റുകളും പറഞ്ഞിരുന്നു. അതാണ് ഈ വാർത്ത ഉണ്ടാകാനും അത് പടർന്നു പിടിക്കാനും കാരണമായതെന്നാണ് വ്യക്തമാകുന്നത്.

Ronaldo Hotel Denies Claims Hosting Refugees