റൊണാൾഡോയുടെ മാർക്കറ്റ് വാല്യൂ കുത്തനെയിടിഞ്ഞു, 2019നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യം
ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നതിൽ യാതൊരു സംശയവുമില്ല. തന്റെ ഫോം ദീർഘകാലം നിലനിർത്തി ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ താരത്തിനു പക്ഷെ ഇപ്പോൾ തിരിച്ചടികളുടെ കാലമാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏതെങ്കിലും ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങിയ റൊണാൾഡോക്കു പക്ഷെ അതിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളൊന്നും പോർച്ചുഗൽ താരത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോമും വളരെ മങ്ങിയിട്ടുണ്ട്. സീസണിൽ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമേ താരം ആദ്യ ഇലവനിൽ കളിച്ചിട്ടുള്ളൂവെങ്കിലും കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. റൊണാൾഡോയുടെ ആരാധകരെ സംബന്ധിച്ച് താരത്തിന്റെ പ്രകടനം വളരെയധികം ആശങ്ക സമ്മാനിക്കുന്ന ഒന്നാണെങ്കിലും നിരവധി തവണ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ള താരം തിരിച്ചുവരുമെന്നു തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്.
അതിനിടയിൽ മറ്റൊരു മോശം വാർത്ത കൂടി റൊണാൾഡോയെ തേടിയെത്തിയിട്ടുണ്ട്. മുപ്പത്തിയേഴു വയസുള്ള താരത്തിന്റെ ട്രാൻസ്ഫർ മൂല്യത്തിൽ 2019നു ശേഷമുള്ള ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് കളിക്കാരുടെ മൂല്യം വിലയിരുത്തുന്ന പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർമാർക്കറ്റ് ആണു പുറത്തു വിട്ടത്. 2019ലെ താരത്തിന്റെ മൂല്യത്തിൽ നിന്നും എൺപതു ശതമാനം ഇടിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. 2019ൽ നൂറു മില്യൺ യൂറോ മൂല്യമുണ്ടായിരുന്ന താരത്തിന് ഇപ്പോൾ ട്രാൻസ്ഫർമാർക്കറ്റ് നൽകിയിരിക്കുന്നത് ഇരുപതു മില്യൺ യൂറോ മൂല്യമാണ്.
One of the biggest decreases in market value came to Cristiano Ronaldo 📉
— Transfermarkt.co.uk (@TMuk_news) September 15, 2022
The Portugal star has seen his market value fall by 80% since the start of 2019 😳 pic.twitter.com/DDRZwbzu7d
2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയത് നൂറു മില്യൺ യൂറോയുടെ ട്രാൻസ്ഫറിലാണ്. ആ പ്രായത്തിൽ ഒരു കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീസെന്ന റെക്കോർഡും റൊണാൾഡോ സൃഷ്ടിച്ചിരുന്നു. യുവന്റസിനൊപ്പം മികച്ച പ്രകടനം നടത്തിയ താരം അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്നു. അങ്ങിനെയുള്ള താരമാണ് ഈ സീസണിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ പതറുന്നത്.
റൊണാൾഡോ ഇപ്പോൾ നേരിടുന്ന സാഹചര്യവും താരത്തിന്റെ മോശം ഫോമും പോർച്ചുഗൽ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾക്കും തിരിച്ചടിയാണ്. ലോകകപ്പിലേക്ക് ഇനി രണ്ടു മാസത്തിലധികം മാത്രം ബാക്കി നിൽക്കെ ദേശീയ ടീമിന്റെ നായകനായ താരം ഫോമിലേക്ക് തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.