“എന്നെ ഒരു സെക്കൻഡ് ശ്വാസം വിടാൻ പോലും സമ്മതിച്ചിട്ടില്ല”- ഏറ്റവും വലിയ എതിരാളി റൊണാൾഡോയെന്ന് ഡാനി ആൽവസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് ബ്രസീലിയൻ റൈറ്റ് ബാക്കായ ഡാനി ആൽവസ്. താൻ നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളി മുൻ റയൽ മാഡ്രിഡ് താരം കൂടിയായ റൊണാൾഡോയാണെന്നു പറഞ്ഞ ഡാനി ആൽവസ് പോർച്ചുഗീസ് താരം മത്സരങ്ങൾക്കിടയിൽ ഒരു സെക്കൻഡ് ശ്വാസം വിടാൻ പോലും തന്നെ സമ്മതിച്ചിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ റൊണാള്ഡോക്കെതിരെ അത്ര മോശം പ്രകടനമായിരുന്നില്ല തന്റേതെന്നും ഡാനി ആൽവസ് പറയുന്നു.

2009 മുതൽ 2018 വരെയുള്ള കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അക്കാലയളവിൽ നിരവധി തവണ ഡാനി ആൽവസിനെതിരെ കളിച്ചിട്ടുണ്ട്. 2009 മുതൽ 2016 വരെയുള്ള കാലം ബാഴ്‌സലോണ താരായിരുന്നു ഡാനി ആൽവസ്. ഡാനി ആൽവസും ക്രിസ്റ്റ്യാനോ റൊണാൾഡോയും എതിരാളികളായി വരുമ്പോൾ ഒരേ വിങ്ങിലാണ് കളിക്കേണ്ടി വരുകയെന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ശക്തിപ്പെടാൻ കാരണമാവുകയും ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോഴാണ് താൻ നേരിട്ട ഏറ്റവും മികച്ച എതിരാളിയെക്കുറിച്ച് മെക്‌സിക്കൻ ക്ലബായ യുഎൻഎഎം പൂമാസിന്റെ താരമായ ഡാനി ആൽവസ് പ്രതികരിച്ചത്. “ക്രിസ്റ്റ്യാനോ റൊണാൾഡോ. അവൻ നമുക്ക് ഒരു സെക്കൻഡ് ശ്വാസം വിടാൻ പോലും സമയം തരില്ല. ഞാൻ താരത്തിനെതിരെ നടത്തിയത് മോശം പ്രകടനമാണ്, പക്ഷെ അതു വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു സ്കോറിങ് മെഷീനാണ് റൊണാൾഡോ.” ഡാനി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടുന്നത് ദുഷ്‌കരമായ കാര്യമാണെന്ന് ഡാനി ആൽവസ് പറയുമ്പോഴും രണ്ടു താരങ്ങളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കൂടുതൽ വിജയം ഡാനി ആൽവസിനു തന്നെയാണ്. ഇരുവരും തമ്മിൽ 24 മത്സരങ്ങളിലാണ് നേർക്കുനേർ വന്നിട്ടുള്ളത്. അതിൽ 12 എന്നതിൽ ഡാനി ആൽവസ് കളിച്ച ടീം വിജയം നേടിയപ്പോൾ ആറെണ്ണത്തിൽ തോൽവി വഴങ്ങി. ആറു മത്സരങ്ങൾ സമനിലയിലാണ് അവസാനിച്ചത്. ഇതിനു പുറമെ ഒരിക്കൽ റൊണാൾഡോയെ ഡാനി ആൽവസ് നട്ട്മെഗ് ചെയ്യുകയുമുണ്ടായിട്ടുണ്ട്.

സാധാരണ ഫുട്ബോൾ താരങ്ങൾ വിരമിക്കേണ്ട പ്രായമായിട്ടും ഫുട്ബോൾ കളത്തിൽ തളർച്ചയില്ലാതെ തുടരുന്നുവെന്നതാണ് ഈ രണ്ടു താരങ്ങൾക്കും പൊതുവായിട്ടുള്ള പ്രത്യേകത. റൊണാൾഡോ മുപ്പത്തിയേഴാം വയസിലും യൂറോപ്പിലെ ഏറ്റവും മികച്ച ടീമിൽ കളിക്കുമ്പോൾ മുപ്പത്തിയൊൻപതു വയസുള്ള ഡാനി അൽവസ് കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കു വേണ്ടി കളിച്ചതിനു ശേഷമാണ് മെക്‌സിക്കൻ ലീഗിലേക്ക് ചേക്കേറിയത്. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടുകയെന്നതാണ് താരത്തിന്റെ പ്രധാന ലക്‌ഷ്യം.