“അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനത്ത് വിനീഷ്യസ് ഡാൻസ് ചെയ്‌താൽ പ്രത്യാഘാതമുണ്ടാകും”- മുന്നറിയിപ്പുമായി കോക്കെ

ബ്രസീലിയൻ താരങ്ങളുടെ ഗോളാഘോഷവുമായി ബന്ധപ്പെട്ടു നിരവധി ചർച്ചകൾ ഫുട്ബോൾ ലോകത്ത് ഉയരുന്നുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മക്കാബി ഹൈഫക്കെതിരെ പിഎസ്‌ജി താരം നെയ്‌മർ ഗോൾ നേടിയതിനു ശേഷം നടത്തിയ ഗോളാഘോഷത്തിനു റഫറി മഞ്ഞക്കാർഡ് നൽകുകയും അതിനെതിരെ നെയ്‌മർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു. കളിയുടെ ആവേശത്തെ തന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരത്തിലുള്ള ഗോളാഘോഷങ്ങൾക്കു നൽകുന്ന മഞ്ഞക്കാർഡുകളെന്നാണ് നെയ്‌മർ പറയുന്നത്.

അതിനിടയിൽ സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള മാഡ്രിഡ് ഡെർബി നടക്കാനിരിക്കെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനു മുന്നറിയിപ്പു നൽകിയിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് നായകനായ കോക്കെ. വിനീഷ്യസ് ജൂനിയറിന്റെ ഡാൻസിംഗ് ഗോളാഘോഷം അത്ലറ്റികോ മാഡ്രിഡിന്റെ മൈതാനമായ വാൻഡ മെട്രോപ്പോളിറ്റാനോയിൽ പുറത്തെടുത്താൽ അതു പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് കോക്കെ കഴിഞ്ഞ ദിവസം മൂവീസ്‌റ്റാറിനോട് സംസാരിക്കുമ്പോൾ പറഞ്ഞത്.

“ഒരാൾ ഗോൾ നേടിയിട്ടുണ്ടെങ്കിൽ അതെങ്ങിനെ ആഘോഷിക്കണമെന്നത് അവനവന്റെ താൽപര്യമാണ്. എല്ലാവർക്കും അവരവരുടേതായ രീതികളും ഗോളുകൾ ആഘോഷിക്കുന്നതിൽ ഇഷ്‌ടങ്ങളുമുണ്ടാകും.” കൊക്കെ പറഞ്ഞു. അതേസമയം വാൻഡ മെട്രോപ്പോളിറ്റാനോയിലെ കാണികൾ അതെങ്ങിനെ സ്വീകരിക്കുമെന്ന ചോദ്യത്തിന് കോക്കെയുടെ മറുപടി ഇങ്ങിനെയായിരുന്നു. “പ്രശ്‌നങ്ങളുണ്ടാകും എന്നു തീർച്ചയാണ്, അതു വളരെ സ്വാഭാവികവുമാണ്.”

കോക്കെ മാത്രമല്ല വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. സ്‌പാനിഷ്‌ ഏജന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായ പെഡ്രോ ബ്രാവോ കഴിഞ്ഞ ദിവസം എൽ ചിരിങ്കുയിറ്റൊ ടിവിയോട് പറഞ്ഞത് വിനീഷ്യസ് എതിരാളികളെ ബഹുമാനിക്കണമെന്നും ഡാൻസ് കളിക്കണമെങ്കിൽ ബ്രസീലിലേക്ക് പോകാനുമാണ്. സ്പെയിനിൽ കളിക്കുമ്പോൾ എതിരാളികളെ ബഹുമാനിക്കണമെന്നും കുരങ്ങുകളി പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ പ്രസ്‌താവന വിവാദമായപ്പോൾ അതു തിരുത്തി അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ ബ്രസീലിയൻ താരങ്ങളുടെ ഗോളാഘോഷവുമായി ബന്ധപ്പെട്ട് സ്പെയിനിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസം ഇതിൽ നിന്നും വ്യക്തമാണ്. മുൻപ് നെയ്‌മർ ബാഴ്‌സലോണയിൽ കളിക്കുമ്പോൾ റെയിൻബോ ഫ്ലിക്കിനു ശ്രമം നടത്തിയതും ഇതിനൊപ്പം ചേർത്തു വായിക്കാവുന്നതാണ്.