പിഎസ്‌ജി മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളിൽ ഒരാളെ പരിശീലകൻ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കാൻ സാധ്യത

ലില്ലെയെ ഫ്രഞ്ച് ലീഗ് കിരീടത്തിലെത്തിക്കാൻ സഹായിച്ച ക്രിസ്റ്റഫെ ഗാൾട്ടിയർ പരിശീലകനായതിനു ശേഷം ഈ സീസണിൽ പിഎസ്‌ജി മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സീസണിൽ ഒരു മത്സരം പോലും ഇതുവരെ തോൽക്കാതെ പിഎസ്‌ജി ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഒത്തിണക്കത്തോടെ കളിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ നെയ്‌മർ, മെസി, എംബാപ്പെ സഖ്യം ഫോമിലേക്കുയർന്നതാണ് ഈ സീസണിൽ പിഎസ്‌ജിയുടെ കുതിപ്പിന് പ്രധാനമായും കാരണമായത്.

എന്നാൽ ഈ സീസണിൽ പിഎസ്‌ജി നേടിയ ഭൂരിഭാഗം ഗോളുകളിലും ഭാഗമായ മുന്നേറ്റനിരയിലെ മുന്നേറ്റനിരയിലെ ഈ മൂന്നു സൂപ്പർതാരങ്ങളിൽ ഒരാളെ വരുന്ന മത്സരങ്ങളിൽ പുറത്തിരുത്തുന്ന കാര്യം പിഎസ്‌ജി പരിശീലകനു ആലോചനയുണ്ടെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടീമിന്റെ പ്രതിരോധത്തെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ മൂന്നു താരങ്ങളിൽ ഒരാളെ വരുന്ന മത്സരങ്ങളിലെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കുന്ന കാര്യം ക്രിസ്റ്റഫെ ഗാൾട്ടിയർ പരിഗണിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു.

നിലവിൽ 3-4-3 എന്ന ശൈലിയിലാണ് ക്രിസ്റ്റഫെ ഗാൾട്ടിയർ പിഎസ്‌ജി ടീമിനെ ഇറക്കുന്നത്. ലയണൽ മെസി, നെയ്‌മർ, കിലിയൻ എംബാപ്പെ എന്നീ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ഈ ശൈലി കൊണ്ട് അദ്ദേഹത്തിന് കഴിയുകയും ചെയ്‌തിരുന്നു. ഈ സീസണിൽ 41 ഗോളുകളിൽ ഈ മൂന്നു താരങ്ങൾ പങ്കാളിത്തം അറിയിക്കുകയും ചെയ്‌തു എന്നാൽ ഈ മൂന്നു താരങ്ങളെ ഒരുമിച്ച് കളിപ്പിക്കുന്നത് ടീമിന്റെ പ്രതിരോധത്തെ ബാധിക്കുന്നുണ്ടെന്നതു കൊണ്ടാണ് പരിശീലകൻ മാറി ചിന്തിക്കുന്നത്.

ഇസ്രായേലി ക്ലബായ മക്കാബി ഹൈഫക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്‌ജി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയെങ്കിലും ടീമിന്റെ പ്രതിരോധത്തിലെ പോരായ്‌മകൾ ചർച്ചയായിരുന്നു. നിരവധി അവസരങ്ങളാണ് പിഎസ്‌ജിയെ അപേക്ഷിച്ച് തീർത്തും ദുർബലരായ ടീം മത്സരത്തിൽ ഉണ്ടാക്കിയത്. ഇതിനു ശേഷം മുന്നേറ്റനിരയിലെ താരങ്ങൾ ആക്രമിച്ചു കളിക്കാനും പന്ത് കാലിലേക്ക് വരാനും എല്ലായിപ്പോഴും താൽപര്യപ്പെടുന്നത് പ്രതിരോധത്തിൽ വിള്ളലുകൾ സൃഷ്‌ടിക്കുന്നുവെന്ന് പരിശീലകൻ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

പിഎസ്‌ജി മുന്നേറ്റനിരയിലെ ഏതു താരത്തെയാണ് വരുന്ന മത്സരങ്ങളിൽ ക്രിസ്റ്റഫെ ഗാൾട്ടിയർ പുറത്തിരുത്തുകയെന്ന് വ്യക്തമല്ല. ഈ മൂന്നു താരങ്ങളിൽ ഒരാളെ ടീമിൽ നിന്നും ഒഴിവാക്കിയാൽ അത് മുന്നേറ്റനിരയുടെ പ്രകടനത്തെ ബാധിക്കുമെന്നതിൽ സംശയമില്ല. അതേസമയം ചാമ്പ്യൻസ് ലീഗ് പോലെയുള്ള വമ്പൻ മത്സരങ്ങൾ വരുമ്പോൾ ടീമിന്റെ പ്രതിരോധത്തെ പൂർണമായും മെച്ചപ്പെടുത്തിയില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നത് പരിശീലകനു വലിയ തലവേദന സമ്മാനിക്കുന്നുണ്ട്.