വായടക്കാൻ പറഞ്ഞത് സൗത്ത് കൊറിയൻ താരത്തോട്, കാരണം വെളിപ്പെടുത്തി റൊണാൾഡോ

സൗത്ത് കൊറിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടു മൈതാനം വിടുമ്പോൾ വായടക്കാനുള്ള ആംഗ്യം കാണിച്ചത് പോർച്ചുഗീസ് പരിശീലകനോടല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേഷ്യത്തോടു കൂടിയുള്ള റൊണാൾഡോയുടെ ചെയ്‌തി നിരവധി ആരാധകരുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. തന്നെ കളിയിൽ നിന്നും പിൻവലിച്ചതിലുള്ള രോഷമാണ് താരം കാണിച്ചതെന്നാണ് പലരും ചിന്തിച്ചത്. എന്നാൽ അതൊരു സൗത്ത് കൊറിയൻ താരം പറഞ്ഞ വാക്കുകൾക്കുള്ള പ്രതികരണമായിരുന്നുവെന്ന് റൊണാൾഡോ വെളിപ്പെടുത്തി.

“എന്താണ് സംഭവിച്ചതെന്നു വെച്ചാൽ ഞാൻ മൈതാനം വിടുന്നതിനു മുൻപ് ഒരു സൗത്ത് കൊറിയൻ താരം എന്നോട് വേഗം പോകാനാവശ്യപ്പെട്ടു. ഞാനവനോട് വായടച്ചു മിണ്ടാതിരിക്കാൻ പറഞ്ഞു. എന്നോടങ്ങിനെ പറയാൻ അവനെന്ത് അധികാരമാണുള്ളത്? അവനതിൽ യാതൊരു അഭിപ്രായവും പറയേണ്ടതില്ല.” റൊണാൾഡോ മത്സരത്തിന് ശേഷം പറഞ്ഞു. പരിശീലകൻ ഫെർണാണ്ടോ സാന്റോസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

മത്സരത്തിൽ മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ഒരു സുവർണാവസരം താരം നഷ്‌ടപ്പെടുത്തി. അതിനു പുറമെ റൊണാൾഡോയുടെ ദേഹത്ത് തട്ടി വന്ന പന്തിൽ നിന്നാണ് കൊറിയ അവരുടെ ആദ്യത്തെ ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മറ്റൊരു ഗോൾ കൂടി നേടി സൗത്ത് കൊറിയ വിജയം നേടുകയും പ്രീ ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്‌തിരുന്നു.