മെസിയെ തടുക്കാൻ കഴിയും, ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയൻ പ്രതിരോധതാരം =

2022 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ സൂപ്പർതാരം ലയണൽ മെസി അണിനിരക്കുന്ന അർജന്റീനയെയാണ് നേരിടേണ്ടതെങ്കിലും അവരെ തടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ പ്രതിരോധതാരം മിലോസ് ഡിജിനിക്. ലയണൽ മെസിയോടു തനിക്ക് വളരെയധികം സ്നേഹമുണ്ടെങ്കിലും താരത്തിനെതിരെ കളിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കേണ്ട കാര്യമില്ലെന്നും മറിച്ച് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കളിക്കുന്നത് അതിനേക്കാൾ ബഹുമതിയുള്ള കാര്യമാണെന്നും താരം പറഞ്ഞു.

“ഞാൻ മെസിയെ ഇഷ്‌ടപ്പെടുന്നു, ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. ഒരു മനുഷ്യനായതിനാൽ തന്നെ മെസിക്കെതിരെ കളിക്കുന്നത് ബഹുമതിയല്ല, ഞങ്ങളും അതുപോലെ മനുഷ്യരാണ്. ലോകകപ്പിന്റെ അവസാന പതിനാറിൽ എത്തുകയെന്നതൊരു ബഹുമതിയാണ്. എല്ലാ ആക്രമണങ്ങളും തടുക്കാൻ കഴിയുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. അത് സാധ്യമാണോ അല്ലയോ എന്നറിയില്ല. പക്ഷെ ഞങ്ങൾ 110 ശതമാനവും നൽകും.” ഡിജിനിക് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

മെസിയുടെ ആരാധകനാണെങ്കിലും താരം ലോകകപ്പ് വിജയിക്കുന്നതിനേക്കാൾ ഓസ്‌ട്രേലിയ ലോകകപ്പ് വിജയം നേടുന്നതാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു. ശനിയാഴ്‌ച രാത്രി 12.30നാണു അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം നടക്കുന്നത്. അതിൽ വിജയിക്കുന്ന ടീം ഹോളണ്ടും അമേരിക്കയും തമ്മിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടിയ ടീമിനെതിരെ ഏറ്റുമുട്ടും.