സീസണിലെ ആദ്യഗോളിൽ തന്നെ രണ്ടു റെക്കോർഡുകൾ, പുതിയ നേട്ടങ്ങൾ സ്വന്തമാക്കി റൊണാൾഡോ | Ronaldo

പുതിയ സീസണിലെ ഗോൾവേട്ടക്ക് ഇന്നലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തുടക്കം കുറിച്ചത്. പ്രീ സീസണിലെ നാല് മത്സരങ്ങളടക്കം തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ ഗോൾ നേടാൻ കഴിയാതിരുന്ന റൊണാൾഡോയാണ് ഇന്നലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ടീമിനെ രണ്ടാം തവണ മുന്നിലെത്തിച്ച ഗോൾ സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ നസ്ർ വിജയം നേടി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്‌തു.

മത്സരത്തിൽ ഈ സീസണിലെ ആദ്യത്തെ ഗോൾ നേടിയപ്പോൾ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു നേട്ടങ്ങൾ സ്വന്തം പേരിലാക്കി. തന്റെ മുപ്പത്തിയെട്ടാം വയസിലും പ്രൊഫെഷണൽ ഫുട്ബോളിൽ മികച്ച ഫോമിൽ തുടരുന്ന റൊണാൾഡോ തുടർച്ചയായ ഇരുപത്തിരണ്ടാമത്തെ സീസണിലാണ് ഗോൾ നേടുന്നത്. ഇതിൽ ഭൂരിഭാഗം സീസണിലും ഇരുപതോ അതിലധികമോ ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുണ്ട്. ഈ സീസണിൽ സൗദിയിൽ ഒരു ഗോൾവേട്ട നടത്തുകയാവും റൊണാൾഡോയുടെ ലക്‌ഷ്യം.

എഴുപത്തിനാലാം മിനുട്ടിൽ ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോൾ നേടിയത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡർ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഇന്നലെ റൊണാൾഡോ തന്റെ കരിയറിലെ 145ആമത്തെ ഹെഡർ ഗോളാണ് സ്വന്തം പേരിലാക്കിയത്. 144 ഹെഡർ ഗോളുകൾ സ്വന്തം പേരിലുള്ള ജർമൻ ഇതിഹാസം തോമസ് മുള്ളറാണ് ഇക്കാര്യത്തിൽ റൊണാൾഡോക്ക് പിന്നിൽ നിൽക്കുന്നത്.

സൗദി പ്രൊ ലീഗിൽ കഴിഞ്ഞ സീസൺ പകുതിയോളം പൂർത്തിയായതിനു ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലേക്ക് വന്നത്. അതിനു ശേഷം പതിനാറു മത്സരങ്ങളിൽ നിന്നും പതിനാലു ഗോളുകൾ നേടിയ താരം ലീഗിലെ മികച്ച ഗോൾവേട്ടക്കാരിൽ ഒരാളായിരുന്നു. ഈ സീസണിൽ അതിനേക്കാൾ മികച്ച പ്രകടനം നടത്തുകയാവും താരത്തിന്റെ ലക്‌ഷ്യം. അതിനു പുറമെ കഴിഞ്ഞ സീസണിൽ നേടാനാകാതെ പോയ കിരീടം നേടുകയെന്ന ലക്ഷ്യവും താരത്തിന് മുന്നിലുണ്ട്.

Ronaldo Scroed A Goal In 22 Straight Seasons