കരിം ബെൻസിമ ബാലൺ ഡി ഓർ ഉയർത്തുന്നതു കാണാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തും
2022ലെ ബാലൺ ഡി ഓർ പുരസ്കാരം കരിം ബെൻസിമ നേടുന്നതു കാണാൻ ക്രിസ്റ്റ്യാനോ റൊണാൾഡൊയുമുണ്ടാകും. ഒക്ടോബർ 16 തിങ്കളാഴ്ച പാരീസിൽ വെച്ചു നടക്കുന്ന ബാലൺ ഡി ഓർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമായ ലാ പാരീസിയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച ബെൻസിമ തന്നെയാവും പുരസ്കാരം നേടുകയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
റയൽ മാഡ്രിഡിൽ ഒൻപതു വർഷം ഒരുമിച്ചു കളിച്ച താരങ്ങളാണ് റൊണാൾഡോയും ബെൻസിമയും. രണ്ടു ലാ ലിഗയും നാല് ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ നിരവധി കിരീടങ്ങൾ ഇക്കാലയളവിൽ ഇരുവരും റയൽ മാഡ്രിഡിനൊപ്പം നേടിയിട്ടുണ്ട്. അന്നു ബെൻസിമയുടെ മികച്ച പൊസിഷനിങ്ങും നിസ്വാർത്ഥമായ റണ്ണുകളും ഒരുക്കിക്കൊടുത്ത സ്പേസുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്താൻ സഹായിച്ചിരുന്നു. നാല് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ റയൽ മാഡ്രിഡിനൊപ്പം റൊണാൾഡോ നേടുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ടീമിലെ പ്രധാന താരമായി ബെൻസിമ വളരെ പെട്ടന്നാണ് വളർന്നത്. ഗോളുകൾ അടിക്കാനും അടിപ്പിക്കാനും ഒരുപോലെ കഴിഞ്ഞ താരം യുവതാരങ്ങൾക്ക് മികച്ച പിന്തുണയും നൽകി റയൽ മാഡ്രിഡിനെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി നിലനിർത്താൻ സഹായിച്ചു. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങൾ റയൽ മാഡ്രിഡിനു വേണ്ടി കളിച്ച ഫ്രഞ്ച് താരം 44 ഗോളുകളും 15 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. രണ്ടു കിരീടങ്ങളും താരം റയലിനൊപ്പം കഴിഞ്ഞ സീസണിൽ സ്വന്തമാക്കി.
Cristiano Ronaldo is expected to be at the Ballon d’Or ceremony in Paris next monday where Benzema is expected to win the award. @le_Parisien 🇵🇹🇫🇷 pic.twitter.com/vmGINT6uZK
— Infinite Madrid (@InfiniteMadrid) October 12, 2022
കഴിഞ്ഞ കുറെ വർഷങ്ങളായി ബാലൺ ഡി ഓറിന്റെ ആദ്യ സ്ഥാനങ്ങളിൽ വന്നിരുന്ന താരമാണെങ്കിലും ഈ സീസണിൽ ആദ്യ മുപ്പതിൽ പോലുമെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമാണ് താരത്തിന് തിരിച്ചടി നൽകിയത്. എന്നാൽ അതു പരിഗണിക്കാതെ തന്റെ സുഹൃത്ത് ബാലൺ ഡി ഓർ ഉയർത്തുന്നത് കാണാൻ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ബെൻസിമയല്ലാതെ മറ്റൊരു താരം ബാലൺ ഡി ഓർ ഉയർത്താൻ യാതൊരു സാധ്യതയുമില്ല. റയൽ മാഡ്രിഡിനൊപ്പം നിരവധി വർഷങ്ങളായി മികച്ച പ്രകടനം നടത്തുന്ന താരം അർഹിക്കുന്ന പുരസ്കാരം തന്നെയാണത്. അതേസമയം ഈ സീസണിൽ അത്ര മികച്ച ഫോമിലല്ല ഫ്രഞ്ച് താരമുള്ളത്. അടിക്കടിയുള്ള പേരുകളാണ് ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നതിൽ നിന്നും താരത്തെ തടയുന്നത്.