“കേരളത്തിൽ കളിക്കുക എളുപ്പമല്ല, മറ്റു ടീമുകളാണെങ്കിൽ അഞ്ചു ഗോൾ വഴങ്ങിയേനെ”- ഈസ്റ്റ് ബംഗാൾ പരിശീലകൻ പറയുന്നു

ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ചത് മറ്റേതെങ്കിലും ടീമുകളായിരുന്നെങ്കിൽ നാലും അഞ്ചും ഗോളുകൾ വഴങ്ങിയേനെയെന്ന് ഈസ്റ്റ് ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. എഫ്‌സി ഗോവക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് തന്റെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ കോൺസ്റ്റന്റൈൻ പറഞ്ഞത്. കഴിഞ്ഞ സീസണിൽ ഇതേ പരിശീലകനു കീഴിൽ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാളിനെ അപേക്ഷിച്ച് കൂടുതൽ കെട്ടുറപ്പുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങളൊരു ടീമെന്ന നിലയിൽ ഒരുമിച്ചിട്ട് കഴിഞ്ഞ നാലാഴ്‌ചയെ ആയിട്ടുള്ളൂ. രണ്ടാമത്തെ വർഷവും ഒരുമിച്ച് കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എഴുപതു മിനുട്ടോളം ഞങ്ങളുടെ പ്രകടനം കുഴപ്പമില്ലായിരുന്നു. മറ്റു ടീമുകളായിരുന്നെങ്കിൽ നാലോ അഞ്ചോ ഗോളുകൾ വഴങ്ങിയാവും കീഴടങ്ങുക. ഐഎസ്എല്ലിൽ ആദ്യമായി കളിക്കുന്ന രണ്ടു താരങ്ങളും ഞങ്ങളുടെ ടീമിലുണ്ടായിരുന്നു. ഒരു ടീമിനെ ഏതാനും ആഴ്‌ചകൾ കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല, ഞങ്ങൾ മെച്ചപ്പെടുമെന്നതിൽ സംശയമില്ല.” കോൺസ്റ്റന്റൈൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടത്തെക്കുറിച്ചും കോൺസ്റ്റന്റൈൻ പറയാൻ മറന്നില്ല. കേരളത്തിലേക്ക് കളിക്കാനെത്തുന്ന ഏതൊരു ടീമും താളം കണ്ടെത്താൻ ബുദ്ധിമുട്ടുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് കെട്ടുറപ്പുള്ള ഒരു ടീമായി മാറിയെന്നും മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞു. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുന്ന കൊൽക്കത്തയിൽ നിന്നു തന്നെയുള്ള ക്ലബായ മോഹൻ ബഗാനുള്ള മുന്നറിയിപ്പു കൂടിയാണ് കോൺസ്റ്റന്റൈൻ നൽകിയത്.

ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ സ്വന്തമാക്കിയത്. ഈ സീസണിൽ ടീമിൽ എത്തിയ യുക്രൈൻ താരം ഇവാൻ കലിയുഷ്‌നിയാണ് മത്സരത്തിൽ ഈസ്റ് ബംഗാളിനെ തകർത്തത്. പകരക്കാരനായിറങ്ങി പത്തു മിനുറ്റിനിടെ രണ്ടു ഗോളുകളാണ് ഇരുപത്തിനാലു വയസുള്ള താരം നേടിയത്. അഡ്രിയാൻ ലൂണ മറ്റൊരു ഗോൾ നേടിയപ്പോൾ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അലക്‌സാണ് നേടിയത്.

ആദ്യ മത്സരത്തിലെ മികച്ച വിജയത്തിന്റെ ആവേശത്തിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എടികെ മോഹൻ ബഗാനെതിരെയാണ്. ഒക്ടോബർ പതിനാറിന് നടക്കുന്ന മത്സരം സ്വന്തം മൈതാനത്തു വെച്ചു തന്നെയാണെന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ സീസണിലെ ആദ്യത്തെ മത്സരത്തിൽ തങ്ങളെ കീഴടക്കിയതിനു പകരം വീട്ടാനുള്ള അവസരം കൂടിയായി ഈ മത്സരത്തെ കണക്കാക്കാം.