റൊണാൾഡോയും മെസിയും നാളെ ഏറ്റുമുട്ടുന്നു, മത്സരത്തിന്റെ ടെലികാസ്റ്റ് വിവരങ്ങൾ അറിയാം

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയപ്പോൾ ഇനിയൊരിക്കലും മെസിയും റൊണാൾഡോയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ കഴിയില്ലെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സൗദി അറേബ്യയിലെ റൊണാൾഡോയുടെ ആദ്യത്തെ മത്സരം തന്നെ ലയണൽ മെസിയുടെ പിഎസ്‌ജിക്കെതിരെയുള്ള പോരാട്ടമാണ്. പിഎസ്‌ജിയുടെ സൗദി ടൂറിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്.

റൊണാൾഡോയും മെസിയും തമ്മിൽ നാളെ ഏറ്റുമുട്ടുമെങ്കിലും മത്സരത്തിൽ പിഎസ്‌ജിക്കെതിരെ ഇറങ്ങുന്നത് റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ അല്ല. മറിച്ച് സൗദി അറേബ്യയിലെ രണ്ടു പ്രധാന ക്ലബുകളായ അൽ നസ്ർ, അൽ ഹിലാൽ എന്നീ ക്ലബുകൾ ചേർന്ന ഇലവനാണ്. റൊണാൾഡോയും മെസിയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ഇനി നടക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ തന്നെ ആരാധകർ വളരെ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്.

നാളെ, ജനുവരി 19, 2023നാണ് രണ്ടു ക്ലബുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 10.30നാണ് (സൗദി സമയം 8 മണി) നടക്കുക. ഇന്ത്യയിൽ മത്സരം ടെലികാസ്റ്റ് ഉണ്ടാകില്ല. അതേസമയം പിഎസ്‌ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മത്സരം സ്ട്രീമിങ് നടത്തും. ബീയിൻ സ്പോർട്ട്സ് മത്സരം സംപ്രേഷണം ചെയ്യുന്നതിനാൽ ഗൾഫ് മേഖലയിലുള്ള ആരാധകർക്ക് കാണാൻ കഴിയും.

കഴിഞ്ഞ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയാണ് പിഎസ്‌ജി സൗഹൃദ മത്സരം കളിക്കാൻ ഇറങ്ങുന്നത്. ലോകകപ്പിനു ശേഷം മികച്ച ഫോം കണ്ടെത്താൻ കഴിയാത്ത പിഎസ്‌ജിക്ക് ഈ സൗഹൃദമത്സരം അതിനുള്ള അവസരം കൂടിയാണ്. അതേസമയം റൊണാൾഡോക്ക് സൗദിയിൽ തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കണം എന്ന ആഗ്രഹവും ഉണ്ടാകും. അതിനാൽ തന്നെ മികച്ചൊരു പോരാട്ടം ആരാധകർക്ക് പ്രതീക്ഷിക്കാം.