ആദ്യത്തേത് ലോകോത്തര അസിസ്റ്റ്, രണ്ടാമത്തേത് അബദ്ധം; സൗദി ലീഗിൽ റൊണാൾഡോ തരംഗം

സൗദിയിൽ എത്തിയതിനു ശേഷമുള്ള തുടക്കം പതിഞ്ഞതായിരുന്നെങ്കിലും ടീമുമായി ഒത്തിണക്കം വന്നതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നിറഞ്ഞാടുകയാണ്. ഇന്നലെ അൽ ടാവോണിനെതിരെ നടന്ന മത്സരത്തിൽ അൽ നസ്ർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നാല് ഗോളുകൾ നേടിയതിനു പിന്നാലെയാണ് അടുത്ത മത്സരത്തിൽ രണ്ടു അസിസ്റ്റുകൾ താരം കുറിച്ചത്.

മത്സരത്തിന്റെ പതിനേഴാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യത്തെ അസിസ്റ്റ് വന്നത്. താരത്തിന്റെ അപാരമായ വിഷൻ ആരാധകർക്ക് വ്യക്തമാക്കി നൽകുന്നതായിരുന്നു ആ അസിസ്റ്റ്. അൽ നസ്ർ സഹതാരം നൽകിയ പന്ത് ആദ്യത്തെ ടച്ചിൽ തന്നെ ഇടതു വിങ്ങിലൂടെ മുന്നേറിക്കൊണ്ടിരുന്ന അബ്ദുൾറഹ്‌മാൻ കരീബിനു നൽകിയാണ് റൊണാൾഡോ ആദ്യ അസിസ്റ്റ് സ്വന്തമാക്കിയത്. ഖരീബ്‌ അത് കൃത്യമായി വലയിലെത്തിച്ച് ടീമിനു ലീഡ് നേടിക്കൊടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൽ ടാവോൺ ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് പോകുമോ എന്ന പ്രതീക്ഷിച്ച സമയത്താണ് രണ്ടാമത്തെ ഗോൾ പിറക്കുന്നത്. എഴുപത്തിയെട്ടാം മിനുട്ടിൽ ഒരു അൽ നസ്ർ താരം ഗോളിലേക്ക് ഉതിർത്ത ഷോട്ട് പോസ്റ്റിൽ നിൽക്കുകയായിരുന്ന റൊണാൾഡോ ടാപ്പിൻ ചെയ്യാൻ നോക്കിയപ്പോൾ കാലിൽ തട്ടി അബ്ദുള്ള മഡുവിനു ലഭിച്ചു. താരം ഉടനെ തന്നെ അത് അനായാസം വലയിലെത്തിച്ച് ടീമിന് ലീഡും വിജയവും സ്വന്തമാക്കി നൽകുകയും ചെയ്‌തു.

സൗദി ലീഗിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ മത്സരങ്ങളിൽ റൊണാൾഡോ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. എന്നാലിപ്പോൾ ടീമുമായി ഒത്തിണക്കം വന്നാൽ ഏതു ലീഗിൽ പോയാലും തനിക്ക് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് റൊണാൾഡോ തെളിയിച്ചു. സൗദി ലീഗിൽ അൽ നസ്‌റിന്റെ കിരീടപ്രതീക്ഷകൾ ഉയർത്താൻ റൊണാൾഡോയുടെ പ്രകടനത്തിന് കഴിയുന്നുണ്ട്. താരത്തിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസവും ഉയർത്തുന്നു.