“മെസിക്ക് തുല്യനെന്ന് പറയാൻ ചരിത്രത്തിൽ തന്നെ ഒരേയൊരു താരമേയുള്ളൂ”- അർജന്റീന ഇതിഹാസത്തെ വാഴ്ത്തി ജോ കോൾ

ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി, ഒരു ടീമിനെ തന്നെ ഒറ്റക്ക് മുന്നോട്ടു നയിക്കാൻ കഴിയുന്ന തരത്തിൽ ലയണൽ മെസി തന്റെ മികവ് പുറത്തെടുക്കുമ്പോഴും എതിരാളികൾ പറഞ്ഞിരുന്നത് മെസിക്ക് രാജ്യാന്തര തലത്തിൽ കിരീടമൊന്നും ഇല്ലാത്തതു കൊണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി വാഴ്ത്താൻ കഴിയില്ല എന്നായിരുന്നു. എന്നാൽ ഖത്തർ ലോകകപ്പിൽ ഗംഭീര പ്രകടനം പുറത്തെടുത്ത് അർജന്റീനക്ക് കിരീടം നേടിക്കൊടുത്തതോടെ മെസി ഫുട്ബോളിന്റെ ഏറ്റവും ഉന്നതിയിൽ എത്തിച്ചേർന്നു.

കരിയറിൽ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ ലയണൽ മെസിയെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന്റെയും ചെൽസിയുടെയും മുൻ താരമായ ജോ കോൾ പ്രശംസിക്കുകയുണ്ടായി. ഇതുപോലെയൊരു താരത്തെ താനൊരിക്കലും കണ്ടിട്ടില്ലെന്നാണ് ജോ കോൾ പറയുന്നത്. മെസിയുടെ സമകാലീനനായ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീന ഇതിഹാസം മറഡോണ എന്നിവരെയൊന്നും താരത്തിനൊപ്പം നിർത്താൻ കഴിയില്ലെന്നും മെസിക്ക് തുല്യനായി ഒരേയൊരു താരം മാത്രമേയുള്ളൂ എന്നുമാണ് ജോ കോൾ പറയുന്നത്.

“മെസിയെപ്പോലൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. താരത്തിന് പന്ത് കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളും, അപാരമായ കഴിവുകളും, വ്യക്തിത്വവും എല്ലാം മികച്ചു നിൽക്കുന്നതാണ്. ഓരോ തവണ താരത്തെ കാണുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി, പെലെക്ക് മാത്രമേ അക്കാര്യത്തിൽ വാദങ്ങൾ ഉന്നയിക്കാൻ കഴിയൂ. ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ നാസറിയോ, മറഡോണ എന്നിവരൊന്നും അതിനൊപ്പമില്ല. അവർക്കും മുകളിൽ പോയ താരം പെലെക്കൊപ്പമാണ് നിൽക്കുന്നത്.” ജോ കോൾ പറഞ്ഞു.

ഒന്നര വർഷത്തിനിടയിൽ ദേശീയ ടീമിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും നേടിയെടുത്താണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലേക്ക് മെസി എതിരാളികളില്ലാതെ മുന്നേറിയത്. 2021 സമ്മറിൽ കോപ്പ അമേരിക്ക നേടിയ മെസി, 2022 ജൂണിൽ ഫൈനലിസിമയും കഴിഞ്ഞ ഡിസംബറിൽ ലോകകപ്പും നേടി. കോപ്പ അമേരിക്കയിലെയും ലോകകപ്പിലേയും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസി തന്നെയാണ്.